×

സത്യത്തെ കുഴിച്ചുമൂടരുതെന്നും തെറ്റ് ഏറ്റുപറയുകയാണ് വേണ്ടതെ; സിനഡിനും കര്‍ദിനാളിനുമെതിരേ മുഖപത്രമായ ‘സത്യദീപം’

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഉയര്‍ന്ന ആരോപണവും ഇതേച്ചൊല്ലി സഭയിലുടലെടുത്ത തര്‍ക്കവും അവസാനിക്കുന്നില്ല. വിഷയത്തില്‍ സീറോ മലബാര്‍ മെത്രാന്മാരുടെ സിനഡ് എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തുവന്നതോടെ തര്‍ക്കപരിഹാരം ഉടനുണ്ടാകില്ലെന്ന് വ്യക്തമായി.

സഭയ്ക്ക് വേണ്ടി സത്യത്തെ കുഴിച്ചുമൂടരുതെന്നും തെറ്റ് ഏറ്റുപറയുകയാണ് വേണ്ടതെന്നും സത്യദീപം ആവശ്യപ്പെടുന്നു. പ്രശ്നപരിഹാരത്തിനായി മെത്രാന്‍മാരുടെ സിനഡ് മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കാനാകില്ലെന്ന എറണാകുളം അതിരൂപതയിലെ വൈദികസമിതിയുടെ നിലപാടാണ് സത്യദീപം മുന്നോട്ടുവയ്ക്കുന്നത്.

രൂപതാ ഭരണത്തിനായി അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച്‌ബിഷപ്പിനെ നിയമിക്കുന്നതുവരെ തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടാണ് വൈദികര്‍ സ്വീകരിച്ചിരിക്കുന്നത്. രൂപതയിലെ അല്‍മായരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയും വൈദികസമിതിക്കുണ്ട്. അതിനിടെ, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പുനസംഘടിപ്പിച്ച്‌ രൂപതയുടെ നിലപാടിനോട് എതിര് നില്‍ക്കുന്ന വിമതരെ ഒഴിവാക്കാനാണ് നീക്കം. പാസ്റ്ററല്‍ കൗണ്‍സില്‍ അടക്കമുള്ള എല്ലാ രൂപതാ സമിതികളും അതിരൂപതയ്ക്ക് അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്‌ ബിഷപ്പ് എന്ന ആവശ്യം മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം.

ഇപ്പോള്‍ ദില്ലി കേന്ദ്രീകരിച്ചുള്ള ഫരീദാബാദ് രൂപതയുടെ അധ്യക്ഷനായ ആര്‍ച്ച്‌ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയെ എറണാകുളം -അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്‌ബിഷപ്പായി നിയമിക്കുന്നത് വരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് രൂപതയിലെ വൈദികസമിതി. ഇവരുടെ നിലപാടാണ് ‘സത്യദീപ’ത്തിലൂടെ പുറത്തുവരുന്നത്.

സഭയുടെ പ്രതിച്ഛായയുടെ പേരില്‍ സത്യത്തെ തമസ്കരിക്കരുത്. ലോക മാര്‍പ്പാപ്പമാര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞപ്പോള്‍ അതുവഴി സഭയുടെ യശസ് ഉയര്‍ത്തിയിട്ടേ ഉള്ളൂ. സാമാധ്യബുദ്ധിയുള്ളവര്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. മെത്രാന്‍ സമിതിയെ സിനഡ്നിയോഗിച്ചത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന നിലയിലാണ്. അവര്‍ പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കരുതെന്നും ‘ജൂബിലി നല്‍കുന്ന രണ്ട് വെളിച്ചങ്ങള്‍’ എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലില്‍ മുഖപത്രം ആവശ്യപ്പെടുന്നു.

വിഷയത്തില്‍ വീഴ്ചയുണ്ടായ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ ഉയര്‍ന്ന എതിര്‍പ്പുമാണ് തര്‍ക്കത്തിന്റെ മൂലകാരണം. ഭൂമി വിവാദമുയര്‍ത്തി ആലഞ്ചേരിയെ രൂപതയുടെ തലപ്പത്ത് നിന്ന് മാറ്റണമെന്ന ലക്ഷ്യമാണ് വൈദികരില്‍ ഒരു വിഭാഗത്തിനുള്ളത്. രൂപതയിലെ സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ അറിയാതെ അതിരൂപതയിലെ ഫിനാന്‍സ് ഓഫീസര്‍, പ്രോക്യൂറേറ്റര്‍ പദവികളിലുള്ള വൈദികര്‍ മാര്‍ ആലഞ്ചേരിയുമായി മാത്രം കൂടിയാലോചനകള്‍ നടത്തിയാണ് ഭൂമി ഇടപാട് നടത്തിയതെന്നാണ് ആരോപണം. ഈ ഭൂമിയിടപാടില്‍ കോടികള്‍ അതിരൂപതയ്ക്ക് ബാധ്യത വന്നതും എറണാകുളം ടൗണിന്റെ ഹൃദയഭാഗത്തുള്ള മൂന്നേക്കറിലധികം ഭൂമി നഷ്ടമാകുകയും ചെയ്ത സംഭവമാണ് വിവാദമായത്.

രണ്ട് സഹായമെത്രാന്‍മാര്‍ ഉണ്ടെങ്കിലും സീറോ മലബാര്‍ സഭയുടെ മാതൃരൂപത എന്ന നിലയില്‍ സഭാധ്യക്ഷന്‍ കൂടിയായ മാര്‍ ജോര്‍ജ് അലഞ്ചേരിക്കാണ് അതിരൂപതയുടെ ഭരണച്ചുമതല. ഇതിനാല്‍ തന്നെ സഹായമെത്രാന്‍മാര്‍ക്ക് രൂപതയുടെ ഭരണത്തില്‍ കാര്യമായ പങ്ക് ഇല്ലെന്ന് നേരത്തെമുതല്‍ പരാതിയുയര്‍ന്നതാണ്. ഇപ്പോഴത്തെ ഭൂമി വില്‍പ്പന വിവാദത്തോടെ ഇത് സംബന്ധിച്ച പരാതി ശക്തമായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top