×

അഞ്ച്‌ മാസമായി അവധി ദിന വേതനം ലഭിച്ചില്ല; വാട്ടര്‍ അതോറിട്ടിയിലെ പമ്പ്‌ ഓപ്പറേറ്റര്‍മാര്‍ സമരത്തിലേക്ക്‌

തൊടുപുഴ : ജല അതോറിറ്റിയിലെ ജില്ലയിലെ സ്ഥിരം ജീവനക്കാരായ നാല്‍പതോളം പമ്പ്‌ ഓപ്പറേറ്റര്‍മാര്‍ സമരത്തിലേക്ക്‌. കഴിഞ്ഞ അഞ്ച്‌ മാസമായിട്ടും അധിക ജോലി വേതനം ലഭിക്കുന്നില്ലെന്ന്‌ ജീവനക്കാര്‍ ഗ്രാമജ്യോതി ന്യൂസിനോട്‌ പറഞ്ഞു.
2017 ഓഗസ്റ്റ്‌ മാസം മുതല്‍ ഡിസംബര്‍ വരെയുള്ള വേതന ബില്ലുകള്‍ ഡിവിഷന്‍ ഓഫീസില്‍ എത്തിച്ചിരുന്നതാണ്‌. തൊടുപുഴ മേഖലയില്‍ അവധി ദിവസങ്ങളിലും വേനല്‍ കടുക്കുന്ന സാഹചര്യത്തിലും കുടിവെള്ളം മുടങ്ങാതെ ജനങ്ങളിലെത്തിക്കുന്ന ജീവനക്കാരാണ്‌ ദുരിതത്തിലായിരിക്കുന്നത്‌. തൊടുപുഴ ഒഴികെയുള്ള കേരളത്തിലെ എല്ലാ ഡിവിഷനുകളിലും ജീവനക്കാര്‍ക്ക്‌ അവധി ദിന വേതനമായി കിട്ടാനുള്ള തുകയില്‍ പകുതിയിലധികം ലഭിച്ചു. തൊടുപുഴ ഡിവിഷനില്‍ തുകയൊന്നും വിതരണം ചെയ്‌തിട്ടില്ല. ജീവനക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്‌ ഉടനടി അവധി വേതനം ലഭിക്കുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന്‌ ജല അതോറിറ്റി ഓപ്പറേറ്റിംഗ്‌ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
കുടിശിഖ ശമ്പളം നല്‍കണമെന്നും ജീവനക്കാരുടെ അധിക ജോലി നിജപ്പെടുത്തണമെന്നും കാട്ടി ജല അതോറിറ്റി എം ഡി ഷൈനമോള്‍ രണ്ട്‌ മാസം മുമ്പ്‌ ഉത്തരവിറക്കിയിരുന്നു. ഇത്‌ നടപ്പാക്കാന്‍ ഡിവിഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ്‌ പമ്പ്‌ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്‌
എന്നാല്‍ ഫണ്ടിന്റെ അപര്യാപ്‌തതയും ചില സാങ്കേതിക തടസ്സങ്ങളുമാണ്‌ തുക നല്‍കുന്നതിന്‌ തടസ്സമായിരിക്കുന്നതെന്ന്‌ എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ പറഞ്ഞു. എന്നാല്‍ തുക ഉടന്‍ തന്നെ കൈമാറാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉടന്‍ തുക നല്‍കാത്ത പക്ഷം സിഐടിയു, ഐഎന്‍ടിയുസി,യുടിയുസി യൂണിയനുകള്‍ സംയുക്തമായി ജനുവരി 30 ന്‌ സൂചനാ പണിമുടക്കും എന്നിട്ടും തീരുമാനമാകാത്ത പക്ഷം ശക്തമായ സമര മാര്‍ഗ്ഗങ്ങളിലേക്ക്‌ കടക്കുമെന്ന്‌ യൂണിയന്‍ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top