×

തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്ന പരാതിക്കാരിയുടെ മൊഴി നിര്‍ണായകമായി; ഫോണ്‍കെണി കേസില്‍ മുന്മന്ത്രി എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍

തിരുവനന്തപുരം: മുന്മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിക്കേസില്‍ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പരാതി പറയാനെത്തിയ യുവതിയെ മന്ത്രി നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തെന്നുമാണ് കേസ്.

പരാതിക്കാരി പിന്നീട് ശശീന്ദ്രന് അനുകൂലമായി മൊഴിമാറ്റിയിരുന്നു. മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്നും തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചിട്ടില്ലെന്നും മന്ത്രി വസതിയില്‍ വെച്ച്‌ മോശമായി സംസാരിച്ചിട്ടില്ലെന്നും അവര്‍ മൊഴി നല്‍കി. തന്നോട് ഫോണില്‍ സംസാരിച്ചത് മന്ത്രിയാണെന്ന് ഉറപ്പില്ലെന്നും അവര്‍ കോടതിയെ അറിയിച്ചു.

നേരത്തെയും എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടര്‍ നടപടികളും റദ്ദാക്കണമെന്ന് യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ആ ഹരജി പിന്‍വലിച്ചു. കേസിനാസ്പദമായ സംഭവം ഫോണ്‍കെണിയാണെന്ന് വാര്‍ത്ത പ്രക്ഷേപണം ചെയ്ത ചാനല്‍ തുറന്നുസമ്മതിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഫോണ്‍കെണിയുടെ അണിയറക്കാര്‍ ഇപ്പോഴും നിയമ നടപടി നേരിടുന്നുണ്ട്. കേസില്‍ അനുകൂല വിധി വന്ന സ്ഥിതിക്ക് മന്ത്രി സ്ഥാനത്തേക്ക് വീണ്ടും തിരികെവരാമെന്നും ശശീന്ദ്രന്‍ പ്രതീക്ഷിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ശശീന്ദ്രന്റെ പ്രതീക്ഷകള്‍ നടപ്പാകാനുള്ള സാധ്യതയാണ് കൂടുതല്‍.

എ.കെ.ശശീന്ദ്രന്‍ കുറ്റവിമുക്തനായതിനാല്‍ മന്ത്രിപദത്തില്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനും പ്രതികരിച്ചു. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നാളെ ഡല്‍ഹിക്ക് പോകുമെന്നും ടി.പി.പീതാംബരന്‍ വ്യക്തമാക്കി.

അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി കോടതി തള്ളിക്കളയുകയും ചെയ്തു. രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്നു ചൂണ്ടിക്കാട്ടി സ്വകാര്യ ഹര്‍ജി മഹാലക്ഷ്മി എന്നയാള്‍ നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു.

കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ 2016 നവംബര്‍ എട്ടിനു പ്രതികരണം തേടിയെത്തിയ ചാനല്‍ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം ഒരു ടിവി ചാനലാണു പുറത്തുവിട്ടത്. ആരോപണമുയര്‍ന്നയുടന്‍ ധാര്‍മികത ഉയര്‍ത്തിക്കാട്ടി ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ചാനല്‍ മനഃപൂര്‍വം ഒരുക്കിയ കെണിയില്‍ കുടുങ്ങുകയായിരുന്നു ശശീന്ദ്രനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ മേധാവിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top