×

എം-കേരളത്തിന്റെ പരീക്ഷണപതിപ്പ് അടുത്തയാഴ്ച

തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളെല്ലാം ഒറ്റ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഭ്യമാക്കുന്ന എം-കേരളത്തിന്റെ പരീക്ഷണപതിപ്പ് (ബീറ്റ പതിപ്പ്) അടുത്തയാഴ്ച പ്ലേ സ്റ്റോറില്‍ അവതരിപ്പിക്കും. നൂറിലധികം സര്‍ക്കാര്‍ സേവനങ്ങള്‍ ഒറ്റ ആപ്പിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ് എം-കേരളം.

ബീറ്റ പതിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങളുടെയും മറ്റും അടിസ്ഥാനത്തിലായിരിക്കും അന്തിമ ആപ്പ് അവതരിപ്പിക്കുക. കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങേണ്ടിയിരുന്ന എം-കേരളം കൂടുതല്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഘടനയില്‍ വ്യത്യാസം വരുത്താനും വേണ്ടി വൈകിക്കുകയായിരുന്നു. സംസ്ഥാന ഐ.ടി. മിഷനാണ് എം-കേരളം തയ്യാറാക്കുന്നത്.

വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് അവയില്‍ നിന്നുള്ള സേവനങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. റവന്യൂ, ട്രാന്‍സ്പോര്‍ട്ട്, ധനകാര്യം, ആരോഗ്യം, ജലവിഭവം, ആരോഗ്യം തുടങ്ങി മിക്ക വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളും ലഭിക്കും.

വിവിധ വകുപ്പുകളില്‍ പണമടയ്ക്കുന്നതിനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷ നല്‍കാനും സാധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കുന്ന പരാതികളുടെ സ്ഥിതി അറിയുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം അയക്കുന്നതിനും ഇതുപയോഗിക്കാം.

ആദ്യഘട്ടത്തില്‍ അമ്ബതോളം സേവനങ്ങളാണ് എം-കേരളത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. പിന്നീടത് വര്‍ധിപ്പിച്ചു. ഇ-ഡിസ്ട്രിക്‌ട് വഴി ലഭ്യമാകുന്ന 24 സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കല്‍ ഉള്‍െപ്പടെ 41 സേവനങ്ങള്‍ എം-കേരളത്തിലൂടെ ലഭിക്കും.

എം-കേരളത്തിന്റെ പേമെന്റ് ഗേറ്റ്വേ ആയി പ്രവര്‍ത്തിക്കേണ്ട പൊതുമേഖലാ ബാങ്കിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി സെര്‍ട്ടിഫിക്കേഷന്‍ ഡയറക്ടറേറ്റിന്റെ (എസ്.ടി.ക്യു.സി.) തിരുവനന്തപുരം കേന്ദ്രത്തില്‍ സുരക്ഷാ ഓഡിറ്റിങ്ങിന് വിധേയമാക്കുകയാണിപ്പോള്‍. ഏതാനും ദിവസങ്ങള്‍ക്കകം ഇത് പൂര്‍ത്തിയാകും. തുടര്‍ന്ന് ബീറ്റാ പതിപ്പ് പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാകും.

ഐ ഫോണില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്റെ വലിപ്പം അല്പം കൂടുതലാണെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷന്റെ വലിപ്പം പരമാവധി കുറയ്ക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. 2ജി സംവിധാനത്തില്‍പ്പോലും ആപ്പ് സുഗമമായി പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top