×

27 കോടിയുടെ വില്‍പ്പന; രൂപതയ്‌ക്ക്‌ കിട്ടിയത്‌ 9 കോടി മാത്രം.. ഭൂമി വില്‍പ്പനയിലെ വസ്‌തുത ഇങ്ങനെ

കൊച്ചി: സീറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഭൂമി കച്ചവടവിവാദം കൊഴുക്കുന്നു. ഗുരുതരമായ സാമ്ബത്തിക ക്രമക്കേടുകള്‍ ആരോപിച്ച്‌ അതിരൂപതയിലെ ഒരു വിഭാഗം ആളുകള്‍ കര്‍ദിനാളിനെതിരെ രംഗത്തെത്തി. ആരോപണങ്ങളെ കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ എന്നും സഭാ നേതൃത്വം അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം കൊഴുക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപത സമിതികളില്‍ ആലോചനകള്‍ നടന്നിരുന്നു. 100 കോടി രൂപയുടെ വില്‍പന കരാറിന് സമിതികള്‍ അംഗീകാരം നല്‍കി. എന്നാല്‍ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച്‌ സ്ഥലം സ്വകാര്യവ്യക്തിക്ക് കര്‍ദിനാള്‍ എഴുതി നല്‍കുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നു. ഒന്‍പത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തില്‍ രൂപതയ്ക്ക് ലഭിച്ചത്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധി ഉള്ളതിനാല്‍ ബാക്കി തുക നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വാങ്ങിയ ആള്‍ ആവശ്യപ്പെട്ടു. ശേഷിച്ച തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്ന് സ്ഥലങ്ങള്‍ അതിരൂപതയ്ക്കായി കര്‍ദിനാളിന്റെ പേരില്‍ ഈട് നല്‍കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ ചിലത് പരിസ്ഥിതി ദുര്‍ബല മേഖലയില്‍പെട്ടതാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതോടെയാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സാമ്ബത്തിക ക്രമക്കേടുകള്‍ ഉന്നയിച്ച്‌ അതിരൂപതയിലെ ഒരു വിഭാഗവും ചില മെത്രാന്മാരും രംഗത്തെത്തിയത്. ഇവര്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വത്തിക്കാന്‍ കാര്യാലയത്തിനും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിനും അടക്കം പരാതികള്‍ നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top