×

ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ട് , ഒരു പാസ് അനുവദിച്ച്‌ തരണമെന്ന് സുരഭി ലക്ഷ്മി

കേരളത്തിന്റെ അഭിമാനമാണ് രാജ്യാന്തര ചലച്ചിത്രമേള. മറ്റൊരു അഭിമാനമായിരുന്നു പതിമൂന്ന് വര്‍ഷത്തിനുശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച സുരഭിലക്ഷ്മി. എന്നാല്‍, മികച്ച നടനുള്ള ദേശീയ പുരസ്കാം നേടിയ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്ത, മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ രജിഷ വിജയന്‍ വിളക്ക് കൊളുത്തിയ ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുരഭി ലക്ഷ്മിക്ക് സ്ഥാനമുണ്ടായില്ല. അവള്‍ക്കൊപ്പം എന്നൊരു വിഭാഗം തുടങ്ങി നടികള്‍ക്ക് ആദരം അര്‍പ്പിച്ച മേളയില്‍ സുരഭിക്ക് ദേശീയ പുരസ്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങിനുമുണ്ടായില്ല ഇ​ടം.

മേളയില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും ഒരു പാസ് അനുവദിച്ച്‌ തരണമെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും സുരഭി ലക്ഷ്മി ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

“ഓണ്‍ലൈനില്‍ മേളയുടെ പാസ്സിനായി ശ്രമിച്ചു. എന്നാലത് ലഭിച്ചില്ല. മണിയന്‍ പിള്ള ചേട്ടനെ വിളിച്ചു പറഞ്ഞപ്പോള്‍ ദേശീയ അവാര്‍ഡ് നേടിയ നടിയല്ലേ നീ, പാസ്സ് തരാന്‍ കമലിനെ വിളിച്ചു പറയാന്‍ പറഞ്ഞു. കമല്‍ സാര്‍ ഉടനെ തന്നെ പാസ് നല്‍കാനുള്ള ഏര്‍പ്പാടുണ്ടാക്കാമെന്നും അക്കാദമിയില്‍ നിന്നും വിളിച്ചോളും എന്നും പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും വിളിച്ചില്ല.

സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരം ഡിസംബര്‍ 12-ന് മേളയ്ക്ക് സമാന്തരമായി മിന്നാമിനുങ്ങ് സ്ക്രീന്‍ ചെയ്യുന്നുണ്ട്. അഖില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ആ ചിത്രം ഇല്ല. എടുക്കാതിരിക്കാന്‍ പല കാരണങ്ങളും ഉണ്ടാകാം. എന്നാല്‍ എടുക്കാനും കാരണമുണ്ടല്ലോ. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രമല്ലേ ഏതെങ്കിലും വിഭാഗത്തില്‍ അതൊന്ന് കാണിക്കാമായിരുന്നു. ആള്‍ക്കാര്‍ അതിനെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യട്ടെ . കേരളത്തിന് അറുപത് വയസ്സായി മലയാള സിനിമയ്ക്ക് തൊണ്ണൂറും. ചരിത്രം എവിടെയെങ്കിലും എന്നെയും ആ സിനിമയെയും രേഖപ്പെടുത്തണമല്ലോ.

അവള്‍ക്കൊപ്പം എന്ന് വിളിച്ചു പറയുന്നവരാണ് മേളയില്‍ മുഴുവന്‍. അവര്‍ക്കൊപ്പം നില്‍ക്കുന്ന ‘അവള്‍’ ആകാന്‍ എനിക്ക് എത്ര കാലം ദൂരം ഉണ്ട്… അവര്‍ ചേര്‍ത്തുപിടിക്കുന്ന ചില നടിമാരില്‍ ആര്‍ക്കെങ്കിലുമാണ് ഈ പുരസ്കാരം കിട്ടിയതെങ്കില്‍ ഇങ്ങനെയാകുമോ മേള ആഘോഷിക്കുക. കേന്ദ്രത്തിനാണല്ലോ ഞാന്‍ മികച്ച നടി, കേരളത്തില്‍ എനിക്ക് ജൂറി പരാമര്‍ശം മാത്രമല്ലേയുള്ളു. അത് ഞാന്‍ മറന്നു പോയി.

ദേശീയ അവാര്‍ഡ് ലഭിച്ച സമയത്ത് വനിതാ കളക്റ്റീവിലേക്ക് എന്നെ ചേര്‍ത്തിരുന്നു. അതിലെ രണ്ടോ മൂന്നോ പേര് മേളയുടെ സംഘാടനത്തിലുണ്ട്. അവര്‍ എന്റെ കാര്യം അവിടെ ചൂണ്ടി കാണിച്ചോ എന്നറിയില്ല. ഇത്തരത്തില്‍ ഇരയാക്കപ്പെടുന്നവര്‍ക്ക് വേണ്ടി പുതിയൊരു സംഘടന വേണ്ടി വരുമോ?

കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞെന്നാണല്ലോ. മേളയ്ക്ക് വേണ്ടെങ്കിലും എനിക്ക് എന്റെ സിനിമയെ തള്ളി കളയാനാകില്ല. അതുകൊണ്ട് ഞാനും തിരുവന്തപുരത്ത് പോകുന്നുണ്ട്, ചലച്ചിത്ര മേളയുടെ പാസ്സെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.” സുരഭി പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top