×

ഓഖി ദുരന്തത്തേത്തുടര്‍ന്ന് സംസ്ഥാനത്തു മത്സ്യക്ഷാമം

കൊച്ചി: കടലിന്റെ മക്കളെ കണ്ണീരില്‍ മുക്കിയ ഓഖി ദുരന്തത്തേത്തുടര്‍ന്ന് സംസ്ഥാനത്തു മത്സ്യക്ഷാമവും. തുറകള്‍ സാധാരണജീവിതത്തിലേക്കു മടങ്ങാന്‍ കാലമേറെയെടുക്കും. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറക്കുന്നില്ല. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മീന്‍വരവും നിലച്ചു. ചെറുവള്ളങ്ങളില്‍ പിടിക്കുന്ന മത്തി മാത്രമാണു വിപണിയിലുള്ളത്. അതിനാകട്ടെ തീവിലയും. ഫ്രീസറില്‍ ശേഷിക്കുന്ന മീന്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍ക്കു ഹോട്ടലുകള്‍ വില കൂട്ടിത്തുടങ്ങി.

ദിവസങ്ങള്‍ക്കു മുമ്ബ് കിലോയ്ക്ക് 40-60 രൂപയായിരുന്ന മത്തിക്ക് ഇന്നലെ 160-200 രൂപയായി. കടല്‍ക്ഷോഭസമയത്തു പുറങ്കടലിലായിരുന്ന ബോട്ടുകളില്‍ ചിലത് കുറഞ്ഞ അളവിലാണെങ്കിലും ഓലക്കൊടി, ചെറിയ അയല, വറ്റ എന്നിവയുമായാണു തിരിച്ചെത്തിയത്. ഒരാഴ്ച മുമ്ബുവരെ 200-250 രൂപയ്ക്കു വിറ്റിരുന്ന ഓലക്കൊടിയുടെ വില ഇന്നലെ 350 ആയി. 100 രൂപയായിരുന്ന ചെറിയവറ്റയ്ക്കു വില ഇരട്ടിയായി. ഏകദേശം 100 രൂപയായിരുന്ന കറുത്തചൂര കിട്ടണമെങ്കില്‍ 230 രൂപയിലധികമാകും. 80 രൂപയുണ്ടായിരുന്ന ചെറിയ കിളിമീനിന്റെ വില ഇരട്ടിയിലേറെയായി. കടല്‍ക്ഷോഭം തുടരുമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ ആളൊഴിഞ്ഞ നിലയിലാണ്.

കേരളത്തിലെ പ്രതിദിന മീന്‍ ഉപഭോഗം ശരാശരി 2500 ടണ്ണായിരുന്നു. സംസ്ഥാനത്തുനിന്നുള്ള ബോട്ടുകള്‍ പിടിച്ചിരുന്നത് ഇതിന്റെ പകുതി മാത്രം. അതില്‍ത്തന്നെ ഞണ്ടും ചെമ്മീനും കണവയും കയറ്റിയയച്ചിരുന്നു. മംഗലാപുരം, കടലാപുരം, തുത്തുക്കുടി, നാഗപട്ടണം എന്നിവിടങ്ങളില്‍നിന്നുള്ള മീനായിരുന്നു കേരളത്തിനാശ്രയം. മംഗലാപുരത്തുനിന്നു മാത്രം പ്രതിദിനം 600 ടണ്‍ മീന്‍ എത്തിയിരുന്നു. ചുഴലിക്കാറ്റ് വീശിയതോടെ ഇവിടങ്ങളില്‍നിന്നുള്ള മീന്‍വരവ് പൂര്‍ണമായി നിലച്ചു.

വന്‍കിട മാര്‍ക്കറ്റുകളിലെ ഫ്രീസറുകളില്‍ കെട്ടിക്കിടന്ന മീനാണ് ഇപ്പോള്‍ വില്‍പനയ്ക്കെത്തുന്നത്. തീരക്കടലില്‍ പോകുന്ന വള്ളങ്ങളും ചെറു ബോട്ടുകളും തുച്ഛമായ അളവില്‍ മത്തിയുമായാണു വരുന്നത്. ടണ്‍ കണക്കിനു മീനെത്തിയിരുന്ന കൊച്ചി തുറമുഖത്ത് ഇന്നലെയെത്തിയതു 350 പെട്ടി മത്തി മാത്രം. മത്സ്യദൗര്‍ലഭ്യം മുതലെടുത്ത് ഇറച്ചിയുടെ വില ഉയര്‍ത്താനും നീക്കമുണ്ട്. ഇറച്ചിക്കോഴിക്ക് 100 രൂപയും പോത്തിറച്ചിക്കു 300 രൂപയുമാണ് ഇന്നലത്തെ വില.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top