×

നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റം; നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയിൽ

നിര്‍ണായക ഭേദഗതിയോടെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വരും. പുതിയ ഭേദഗതി നിലവില്‍ വരുന്നതോടെ സര്‍ക്കാറിന് നേരിട്ട് പങ്കാളിത്തമുള്ള വന്‍കിട പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ പ്രാദേശികതല നിരീക്ഷണ സമിതികളുടെ അനുമതിയും വേണ്ട.

നിലവിലെ സാഹചര്യം പരിശോധിച്ചാല്‍ നെല്‍വയല്‍ നികത്തുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഒന്നുകില്‍ കൃഷി ഓഫീസറോ വില്ലേജ് ഓഫീസറോ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. നെല്‍വയല്‍ നികത്തുന്നത് ക്രിമിനല്‍ കുറ്റമാണെങ്കിലും പിഴയടച്ച്‌ രക്ഷപ്പെടാം.

എന്നാല്‍ പുതിയ ഭേദഗതിയില്‍ ഇതാക്കെ മാറുകയാണ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസിന് നേരിട്ട് കേസെടുക്കാം. തരിശ് നിലം ഏറ്റെടുക്കാന്‍ ഉടമയുടെ സമ്മതവും ഇനി വേണ്ട. തരിശ് നിലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കും. നിശ്ചിത തുക പാട്ടമായി ഉടമസ്ഥന് കൊടുത്താല്‍ മതിയാകും.

നിലവില്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള പദ്ധതികള്‍ക്ക് നിലം നികത്താന്‍ പഞ്ചായത്ത് തല സമിതിയുടെ അനുമതി വേണം. എന്നാല്‍ ഈ വ്യവസ്ഥയിലും പുതിയ ഭേദഗതിയിലൂടെ ഇളവു വരുത്തും. വന്‍കിട പദ്ധതികള്‍ക്കുള്ള നിലം നികത്തലിന് മന്ത്രിസഭാ അനുമതി മാത്രം മതി.

2008-ന് മുന്‍പ് നികത്തിയ ഭൂമി ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റം വരുന്നു. വീടുവയ്ക്കാന്‍ 300 ചതുരശ്ര മീറ്റര്‍ വരെ നികത്തിയതിന് പിഴയടയ്ക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനാണെങ്കില്‍ പിഴയൊഴിവാക്കല്‍ പരിധി 100 ചതുരശ്ര മീറ്ററാണ്. ഇതിന് മുകളിലാണ് നികത്തിയതെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴ ഈടാക്കും.

 

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top