×

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായാണ് അമേരിക്ക കരുതുന്നതെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : ഇസ്രയേലിലെ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. അറബ് ജനതയുടെ പ്രതിഷേധങ്ങളും ലോകനേതാക്കളുടെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി യു.എസ് അംഗീകരിച്ചത്.

ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായാണ് അമേരിക്ക കരുതുന്നതെന്നും ട്രംപ് പറഞ്ഞു. പലസ്തീന്‍-ഇസ്രായേല്‍ അതിര്‍ത്തി തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആരുടെയും ഭാഗത്ത് താന്‍ നില്‍ക്കുന്നില്ലെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം സ്ഥാപിക്കാന്‍ തനിക്ക് സാധ്യമായതൊക്കെ ചെയ്യുമെന്നും ട്രംപ് തന്റെ പ്രഖ്യാപന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ജറുസലേമിലെ ഇസ്രയേല്‍ കയ്യേറ്റവും കുടിയേറ്റവും സംബന്ധിച്ച വിവാദം നിലനിന്നതാണ് ഇതേ വരെയുള്ള അമേരിക്കന്‍ ഭരണാധികാരികളെ ഈ പ്രഖ്യാപനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. അമേരിക്ക പതിറ്റാണ്ടുകളായി തുടരുന്ന നയത്തിന്റെ അട്ടിമറിയാണ് ഇതെന്നാണ് അമേരിക്കയിലെ തന്നെ വിദേശകാര്യ ഉദ്യോഗസ്ഥരുടെ നിലപാട്.

ഇതേവരെ അമേരിക്കയുടെ ഒരു ഔദ്യോഗിക ഓഫീസും ജെറുസലേമില്‍ പ്രവര്‍ത്തിച്ചിട്ടില്ല. അതേസമയം ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ടെല്‍ അവിവില്‍ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

തലസ്ഥാനവും എംബസിയും മാറ്റിക്കൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം വരുന്നതിനു മുമ്ബുതന്നെ ഗാസ ഉള്‍പ്പെടെയുള്ള പലസ്തീന്‍ പ്രദേശങ്ങളിലും അറബ് രാജ്യങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. പലസ്തീന്‍-അറബ് നേതാക്കള്‍ക്കു പുറമെ മിക്ക രാഷ്ട്രത്തലവന്‍മാരും ഇതിനെതിരേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബ് മേഖലയെ ഇത് കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കുന്നതോടൊപ്പം പലസ്തീന്‍-ഇസ്രായേല്‍ സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്ന തീരുമാനമാണിതെന്നാണ് ലോക നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top