×

കരുണാകരനെ ഏറ്റവുമധികം വിഷമിപ്പിച്ചിട്ടുള്ളത് മുരളീധരന്‍: ആഞ്ഞടിച്ച്‌ ജോസഫ് വാഴക്കന്‍

കൊച്ചി: ചാരക്കേസിനെ തുടര്‍ന്ന് അടുത്തിടെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളില്‍ കെ മുരളീധരനെതിരെ രൂക്ഷവിമര്‍ശനവുമായി ഐ വിഭാഗം രംഗത്ത്. കെ കരുണാകരനെ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുള്ളത് കെ മുരളീധരനാണെന്ന് പ്രമുഖ ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴക്കന്‍ കുറ്റപ്പെടുത്തി. മകള്‍ പത്മജ മാത്രമാണ് കരുണാകരനൊപ്പം എപ്പൊഴും നിന്നിട്ടുള്ളതെന്നും വാഴക്കന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മുരളീധരന്‍ നടത്തിയ പ്രസ്താവന ഐ വിഭാഗത്തെ ശരിക്കും ചൊടിപ്പിച്ചിരുന്നു. ചാരക്കേസ് അടഞ്ഞ അധ്യായമാണെന്നും ഇനി ആരും അത് കുത്തിപ്പൊക്കേണ്ടെന്നും അഭിപ്രായപ്പെട്ട മുരളീധരന്‍ ഒരിലയില്‍ കഴിച്ചവരുംണ് അദ്ദേഹത്തെ ചതിച്ചിട്ടുണ്ടെന്നും ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ച്‌ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വാഴക്കന്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അവസാനകാലത്ത് മുരളീധരന്റെ പല പ്രസ്താവനകളും ലീഡറെ വേദനിപ്പിച്ചിരുന്നെന്ന് വാഴക്കന്‍ പറഞ്ഞു. വിഷയം അടഞ്ഞ അധ്യായമാണെന്ന് പറഞ്ഞശേഷം ഒരു കുത്തല്‍, അതായിരുന്നു മുരളിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇനി ഈ വിഷയം ആരും സംസാരിക്കരുതെന്നും പാര്‍ട്ടിക്ക് അതിനുള്ള ആവതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയ ശേഷമായിരുന്നു ഈ കുത്തല്‍. അത് ശരിയായ സ്വഭാവമല്ല. തന്‍പ്രമാണി ചമയാനാണ് മുരളീധരന്റെ ശ്രമം.

അടിസ്ഥാനപരമായി പാര്‍ട്ടിയോട് കൂറുണ്ടാകണം. വ്യക്തികള്‍ സ്വയം പ്രമാണിമാരാകാന്‍ ശ്രമിക്കരുത്. ലീഡറുടെ നിലപാടുകളോടും അദ്ദേഹത്തിനൊപ്പവും എന്നും ഉറച്ച്‌ നിന്നിട്ടുള്ളത് മകള്‍ പത്മജ മാത്രമാണ്. ലീഡര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച്‌ വന്നതിന് ശേഷം മുരളീധരന്റെ വാക്കുകളും പ്രവൃത്തികളും അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. വാഴക്കന്‍ പറഞ്ഞു.

കെ കരുണാകരനെ ചതിച്ച കഥകള്‍ ഇപ്പോള്‍ ആരും പറയേണ്ടതില്ല. പടയൊരുക്കം നടത്തേണ്ടത് തമ്മില്‍ത്തമ്മിലല്ല, ബിജെപിക്കും സിപിഐഎമ്മിനും എതിരെയാണ്. കരുണാകരനെ ചതിച്ചവര്‍ ധാരാളമുണ്ട്. പഴയകാല നേതാക്കള്‍ വരെ കരുണാകരനെ കൈയാമം വെച്ച്‌ നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. പഴയകഥകള്‍ ചര്‍ച്ച ചെയ്യുന്നത് കോണ്‍ഗ്രസിന് ഒരു തരത്തിലും ഗുണം ചെയ്യില്ല. ഇതായിരുന്നു കെ മുരളീധരന്റെ വാക്കുകള്‍.

കെ കരുണാകരന്റെ ഏഴാം ചരമവാര്‍ഷിക ദിനമായിരുന്ന ഡിസംബര്‍ 25 ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ നടത്തയ പരസ്യകുറ്റസമ്മതമാണ് കോണ്‍ഗ്രസില്‍ വീണ്ടും വിഴുപ്പലക്കലിന് കാരണമായിരിക്കുന്നത്. ചാരക്കേസിന്റെ പേരില്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ തനിക്ക് കുറ്റബോധം ഉണ്ടെന്നായിരുന്നു ഹസന്റെ പ്രസ്താവന. അന്ന് കരുണാകരനെ പുറത്താക്കരുതെന്ന് എകെ ആന്റണി തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നെന്നും ഹസന്‍ വെളിപ്പെടുത്തി. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. ഇതോടെ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് വാതില്‍ തുറന്നിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top