×

ജേക്കബ് തോമസിന്റെ ‘പാഠം 2 മുന്നോട്ടുള്ള കണക്ക്’; സമൂഹമാധ്യമങ്ങളില്‍ വൈറലായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരേ വീണ്ടും പരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്. പാഠം രണ്ട്- മുന്നോട്ടുള്ള കണക്ക് എന്ന തലക്കെട്ടിലാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ കുഴപ്പിക്കുന്ന കണക്കുകള്‍ നിരത്തുന്നത്. വാര്‍ഷികാഘോഷ പരസ്യം, ഫ്ളക്സ് വയ്ക്കല്‍, റിയാലിറ്റി ഷോ എന്നിവയ്ക്കായി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ചെലവിടുന്നുണ്ടെന്നും ഓഖി ദുരിതത്തിന് ഇരയായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ജേക്കബ് തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിക്കുന്നു.

ഓഖി ചുഴലിക്കാറ്റും സര്‍ക്കാര്‍ പരസ്യത്തിനു പണം ചെലവിടുന്നതുമാണ് പാഠം രണ്ട് എന്ന തലക്കെട്ടുള്ള ഫേസ്ബുക് പോസ്റ്റിന്റെ വിഷയം. നേരത്തെ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട നഷ്ടപരിഹാര പാക്കേജിനെക്കുറിച്ചു ഡിജിപി ജേക്കബ് തോമസ് ഫേസ്ബുക്കില്‍ ഒളിയമ്ബെയ്തിരുന്നു. ഇതില്‍ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് രംഗത്തു വരികയും ചെയ്തു. ‘പാഠം ഒന്ന്കണക്കിലെ കളികള്‍’ എന്ന പോസ്റ്റിനു മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളിലും തര്‍ക്കം മുറുകി. ‘കണക്കു ശരിയാകുന്നുണ്ടോ കണക്കിനു വേറെ ടീച്ചറെ നോക്കാം’ എന്നായിരുന്നു ജേക്കബ് തോമസിന്റെ ഒളിയമ്ബ്.

ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണു നല്ലതെന്നു ചൂണ്ടിക്കാട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തോമസ് ഐസക് തിരിച്ചടിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടി വരും. ജേക്കബ് തോമസിന്റെ പാഠം ഒന്നില്‍ പറയുന്ന കണക്കുകള്‍ ദുരിതത്തിന് ഇരയായവര്‍ക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സര്‍ക്കാര്‍ ഇതിനകം ചെയ്തുകഴിഞ്ഞു. കേന്ദ്രത്തിനു മുന്നില്‍ സമര്‍പ്പിച്ചതു സമഗ്രമായ പാക്കേജാണെന്നും ഐസക് പറഞ്ഞു.

സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതിനാണ് നേരത്തെ, ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ഡിജിപി ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം ഒന്നാം പാഠവുമായി ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ പാളിച്ചകളും അപാകതകളുമാണ് അന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളം 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് വിമര്‍ശനത്തിനു കാരണമായത്.

ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. പാഠം ഒന്ന്, കണക്കിലെ കളികള്‍ എന്ന തലക്കെട്ടില്‍ ചിത്രസഹിതം കണക്കുകള്‍ നിരത്തിയായിരുന്നു വിമര്‍ശനം. ആദ്യ പോസ്റ്റില്‍നിന്ന്: മരിച്ചവര്‍ 100=100 കോടി, പരുക്കേറ്റവര്‍ 100= 50 കോടി, കാണാതായവര്‍ (കണക്കെടുപ്പ് തുടരുന്നു) 250= 250 കോടി, വള്ളവും വലയും പോയവര്‍ 100= 200 കോടി, മുന്നറിയിപ്പ് സംവിധാനം =50 കോടി, മറ്റു പലവക =50 കോടി, ആകെ വേണ്ടത് =700 കോടി. ആകെ ഉള്ളത് =7000 കോടി. കണക്ക് ശരിയാകുന്നുണ്ടോ.. കണക്കിന് വേറെ ടീച്ചറെ നോക്കാം.

ഡിജിപിയുടെ വിമര്‍ശനത്തിന് സമൂഹമാധ്യമത്തിലൂടെ അന്നുതന്നെ മന്ത്രി തോമസ് ഐസക് മറുപടി നല്‍കി. ഒന്നാം പാഠത്തില്‍ ഒതുക്കരുതെന്നും ആരോപണം ഉന്നയിക്കുമ്ബോള്‍ ഗൃഹപാഠം നടത്തണമെന്നും മന്ത്രി നീണ്ട കുറിപ്പില്‍ ഉപദേശിച്ചു. ജേക്കബ് തോമസിന്റെ ആരോപണങ്ങളെ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മയും തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, അടങ്ങിയിരിക്കാന്‍ തയാറല്ലെന്ന് പുതിയ ആരോപണത്തിലൂടെ ജേക്കബ് തോമസ് തെളിയിച്ചത് സര്‍ക്കാരിന് വരും ദിവസങ്ങളില്‍ തലവേദന സൃഷ്ടിച്ചേക്കാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top