×

അമേരിക്കക്കെതിരെ വോട്ട് ചെയ്ത സംഭവം, കേന്ദ്ര നിലപാടില്‍ ഉടക്കി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രശ്നത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കക്കെതിരെ വോട്ട് ചെയ്ത ഇന്ത്യന്‍ പ്രതിനിധിയുടെ നിലപാടില്‍ ആര്‍.എസ്.എസ് നേത്യത്വത്തിന് കടുത്ത അതൃപ്തിയെന്ന് സൂചന.

രാജ്യത്തിന്റെ പൊതു താല്‍പര്യത്തിനും ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ താല്‍പ്പര്യത്തിനും എതിരായാണ് ഇന്ത്യ സ്വീകരിച്ച നിലപാടെന്നാണത്രെ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ക്കിടയിലെ വികാരം.

ആര്‍.എസ്.എസ് ഉന്നത നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ബി.ജെ.പി എം.പി സുബ്രമഹ്ണ്യസ്വാമി കേന്ദ്ര നിലപാടിനെ വിമര്‍ശിച്ച്‌ രംഗത്ത് വന്നത് സംഘ്പരിവാര്‍ നേതൃത്വത്തിന്റെ അറിവോടെയാണെന്നും പറയപ്പെടുന്നുണ്ട്.

കാശ്മീര്‍ പ്രശ്നത്തിലടക്കം ഇന്ത്യക്കൊപ്പം നിന്ന ഇസ്രയേലിനെ തള്ളി പറഞ്ഞത് ശരിയായില്ലന്നും പലസ്തീന്‍ ഒരിക്കല്‍ പോലും ഇന്ത്യയെ പിന്തുണച്ചിട്ടില്ലന്നും സ്വാമി തുറന്നടിച്ചിരുന്നു.

പശ്ചിമ ജറുസലേം ഇസ്രയേലിന്റെ ഭാഗമാണെന്നാണ് ആര്‍.എസ്.എസിലെ വലിയ വിഭാഗം വിശ്വസിക്കുന്നത്.

ഇന്ത്യന്‍ എംബസി പോലും സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ ഏറ്റവും ശക്തമായ രഹസ്യാന്വേഷണ വിഭാഗവും ടെക്നോളജിയുമുള്ള ഇസ്രയേലുമായുള്ള ബന്ധം ആയുധ – സുരക്ഷാ മേഖലയില്‍ ഇന്ത്യക്ക് അനിവാര്യമാണെന്ന് ആര്‍.എസ്.എസ് നേതൃത്വം കരുതുന്നു.

അടുത്തയിടെ ആദ്യമായി ഇസ്രയേല്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഇസ്രയേല്‍ ഒരുക്കിയിരുന്നത്.

ലോകം ഉറ്റുനോക്കിയ സന്ദര്‍ശനത്തില്‍ വ്യാപാര – ആയുധ മേഖലകളില്‍ നിരവധി കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നത്.

ഇപ്പാഴത്തെ നിലപാടിന്റെ പേരില്‍ ഇസ്രയേലുമായും അമേരിക്കയുമായും ഇന്ത്യയുടെ ബന്ധം മോശമാകാതിരിക്കാനാവശ്യമായ ജാഗ്രത കാണിക്കാന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് ആര്‍.എസ്.എസ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന മുസ്ലിം രാഷ്ട്രങ്ങളുടെ കൂടി പൊതുവികാരം മാനിച്ചാണ് ഇന്ത്യ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്കക്ക് എതിരെ നിലപാട് സ്വീകരിച്ചതെന്നാണ് വ്യക്തമാകുന്നത്.

എന്നാല്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരുടെ ആലോചനപ്രകാരമുള്ള തീരുമാനമാണോ പ്രഖ്യാപിച്ചതെന്ന കാര്യത്തിലും ആര്‍.എസ്.എസ് നേതൃത്വത്തില്‍ തന്നെ സംശയങ്ങളുണ്ട്.

വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് കരുതപ്പെടുന്നത്

കഴിഞ്ഞ ആഴ്ചയാണ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത്. തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെതിരായ പ്രമേയത്തെ ഇന്ത്യയുള്‍പ്പെടെ 128 രാജ്യങ്ങളാണ് യു.എന്‍ പൊതുസഭയില്‍ അനുകൂലിച്ചത്. പ്രമേയത്തെ അനുകൂലിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സാമ്ബത്തിക സഹായം നിര്‍ത്തിവെക്കുമെന്ന ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് നൂറിലേറെ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചത്.

അമേരിക്കയും ഇസ്രയേലും അടക്കമുള്ള ഒമ്ബത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്തത്. 35 രാജ്യങ്ങള്‍ വിട്ടുനിന്നു. ജറുസലേമിന്റെ കാര്യത്തില്‍ ഇസ്രയേലും പലസ്തീനും ചര്‍ച്ച ചെയ്ത് തീരുമാനം സ്വീകരിക്കണമെന്നാണ് അമേരിക്കയെ എതിര്‍ത്ത് വോട്ട് ചെയ്ത രാജ്യങ്ങള്‍ സ്വീകരിച്ച പൊതു നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top