×

‘എന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണ്’; വിരമിക്കല്‍ സൂചന നല്‍കി സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു.  രാഹുല്‍ ഇപ്പോള്‍ സജീവമാണെന്നും സോണിയ പറഞ്ഞു.  രാഹുല്‍ ഗാന്ധി നാളെ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കും. എന്റെ റോള്‍ ഇനി വിരമിക്കുകയെന്നതാണ്  എന്നാണ് സോണിയ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നിലവില്‍ യുപിഎ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് സോണിയ.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് രാഹുല്‍ സ്ഥാനമേറ്റെടുക്കുക. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറും.

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് പുതിയഅധ്യക്ഷനെ ലഭിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസിന്‍റെ പതിനേഴാമത്തെ അധ്യക്ഷനാണ് രാഹുല്‍. ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, എംപിമാര്‍, പിസിസി അധ്യക്ഷന്മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് രാഹുലിന്‍റെ സ്ഥാനാരോഹണം. തുടര്‍ന്ന് 19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്ന സോണിയാ ഗാന്ധി വിടവാങ്ങള്‍ പ്രസംഗം നടത്തും. അതിന് ശേഷം രാഹുല്‍ ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്യും.

നെഹ്റുകുടുംബത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ആറാമത്തെ അമരക്കാരനായി രാഹുല്‍ തെരഞ്ഞെടുക്കപ്പെടുന്നത് ആഘോഷമാക്കി മാറ്റാനൊരുങ്ങുകയാണ് പ്രവര്‍ത്തകര്‍. ജനുവരിയിലോ, ഫെബ്രുവരിയിലോ നടക്കുന്ന എഐസിസി പ്ളീനറി സമ്മേളനത്തോടെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാകും. പ്ളീനറിസമ്മേളനത്തിന്റെ തിയതി നിശ്ചയിക്കാന്‍ പ്രവര്‍ത്തകസമിതിയോഗം പിന്നീട് ചേരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top