×

ദേവസ്വം ബോര്‍ഡുകളിലെ സംവരണം; മുഖ്യമന്ത്രിക്ക്‌ ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിക്കും – പുലയന്‍ മഹാസഭ


തിരുവനന്തപുരം : കേരളത്തില്‍ ദേവസ്വം ബോര്‍ഡ്‌ നിയമങ്ങളില്‍ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ പത്ത്‌ ശതമാനം സംവരണം ഏര്‍പ്പെടുത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലുള്ള സംവരണമാനദണ്‌ഡങ്ങള്‍ മറികടന്നുകൊണ്ടുള്ളതും, ഭരണഘടനാ വിരുദ്ധവുമാണ്‌. ഇത്‌ അടിയന്തിരമായി പിന്‍വലിക്കണമെന്ന്‌ കേരള പുലയന്‍ മഹാസഭ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണമല്ല, മറിച്ച്‌ സാമ്പത്തികമായ സഹായമാണ്‌ ഏര്‍പ്പെടുത്തേണ്ടത്‌. അതല്ലാതെ സംവരണം നല്‍കുന്നുവെന്ന്‌ പറയുന്നതിലൂടെ ഭരണഘടനാപരമായ സംവരണത്തെ
സമൂഹമധ്യത്തില്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്‌ ഭരണകൂടങ്ങള്‍ ചെയ്യുന്നത്‌. സംവരണത്തെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളാണ്‌ ഇത്തരം തീരുമാനങ്ങളിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്‌. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനാപരമായ സംവരണത്തെ അട്ടിമറിക്കുവാന്‍ നടത്തുന്ന ശ്രമത്തില്‍ സവര്‍ണ്ണ ഫാസിസ്റ്റ്‌ കക്ഷികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിക്കുന്നത്‌ ഖേദകരമാണ്‌.
നൂറ്റാണ്ടുകളായി ജാതിയുടെ പേരില്‍ അയിത്തം കല്‍പ്പിച്ച്‌ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ തള്ളപ്പെട്ട്‌ അടിമകളെ പ്പോലെ ജീവിച്ച്‌ പോന്ന അധസ്ഥിത ജനതയെ (അയിത്ത ജാതിക്കാരെ) സാമൂഹ്യ മുഖ്യധാരയിലേക്ക്‌, സാമൂഹ്യ സമത്വത്തിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തുവാനായി ഉദ്യോഗസ്ഥ തലത്തിലും രാഷ്‌ട്രീയ അധികാര കേന്ദ്രങ്ങളിലും സാമ്പത്തികമായും ഒക്കെത്തന്നെ ഉള്ള ഉന്നതി പരിഗണിച്ചുകൊണ്ടാണ്‌ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്‌ക്കര്‍ ഇന്ത്യന്‍ ഭരണഘടനയില്‍ അധ:സ്ഥിത ജനതയെ പ്രത്യേകവകുപ്പ്‌ പ്രകാരം പ്രത്യേക ഷെഡ്യൂളില്‍ പെടുത്തി ഭരണഘടനാപരമായ പരിരക്ഷയും അവകാശവുമുള്ള സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. അതുകൊണ്ട്‌ തന്നെ ഭരണഘടനാപരമായ സംവരണത്തെ അട്ടിമറിക്കുവാനോ തെറ്റായി വ്യഖ്യാനിക്കുവാനോ അനുവദിക്കുകയില്ല.
ദേവസ്വം ബോര്‍ഡുകളിലെ നിലവിലുള്ള പട്ടികജാതി – വര്‍ഗ്ഗ വിഭാഗങ്ങളുടെ അവസ്ഥ പരിതാപകരമാണ്‌. അര്‍ഹമായ സ്ഥാനങ്ങളില്‍ പോലും ഇവരുടെ നിയമങ്ങള്‍ നടത്തുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം പോലും പ്രഹസനമായി മാറിയിരിക്കുകയാണ്‌. പട്ടികജാതി വിഭാഗങ്ങളെ അവഹേളിക്കുന്ന സമീപനമാണ്‌ അവിടെയും അരങ്ങേറുന്നത്‌.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ കേരള പുലയന്‍ മഹാസഭയുടെ നേതൃത്വത്തില്‍ നടത്താന്‍ പോകുന്ന പ്രക്ഷോഭ സമരങ്ങളുടെ ആദ്യപടിയായി 2017 ഡിസംബര്‍ 27 ന്‌ കേരള മുഖ്യമന്ത്രിക്ക്‌ ലക്ഷം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിക്കുമെന്ന്‌ കേരള പുലയന്‍ മഹാസഭ സംസ്ഥാന
പ്രസിഡന്റ്‌ കെ ടി ശങ്കരന്‍ (തൃപ്പൂണിത്തുറ) സംസ്ഥാന വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പി ടി
ഭാസ്‌ക്കരന്‍ (പത്തനംതിട്ട) സംസ്ഥാന സംഘടനാ സെക്രട്ടറി കെ ടി അയ്യപ്പന്‍കുട്ടി
(എറണാകുളം) സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍ (ഇടുക്കി) സംസ്ഥാന സെക്രട്ടറി സി എസ്‌ സുബ്രഹ്മണ്യന്‍ (തൃശൂര്‍) സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാഞ്ഞാടിത്തറ വിജയന്‍ (ആലപ്പുഴ), അമ്പലത്തറ ശ്രീരംഗനാഥ്‌ (തിരുവനന്തപുരം) ആര്‍ ശിവരാജ്‌ (തിരുവനന്തപുരം) തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top