×

രാജ്യത്തെ രക്ഷിക്കൂ… ഗുജറാത്തിലെ ഇടയലേഖനത്തിന്‌ നരേന്ദ്രമോദി മറുപടി കൊടുത്തത്‌ ഇങ്ങനെ..

അഹമ്മദാബാദ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ അടക്കം വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്നേഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിനഗര്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് മക്വാന്‍ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. ‘രാഷ്ട്രഭക്തി’ തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയിട്ടുള്ളത്. കേരളത്തില്‍നിന്നുള്ള, മിക്കവാറും ക്രിസ്ത്യാനികളായ നഴ്സുമാരെ ഇറാഖിലെ തീവ്രവാദികളില്‍നിന്ന് രക്ഷപ്പെടുത്തിയത് മതം നോക്കിയല്ല. കേരളത്തില്‍നിന്നുള്ള പുരോഹിതന്‍ ടോം ഉഴുന്നാലിനെ യമനില്‍നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും അദ്ദേഹം ഇന്ത്യയുടെ പുത്രനായതുകൊണ്ടാണ്- മോദി പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളില്‍നിന്ന് ഫാദര്‍ അലക്സിസ് പ്രേംകുമാര്‍, ജൂഡിത്ത് ഡിസൂസ എന്നിവരെ രക്ഷപ്പെടുത്തിയതും മോദി ചൂണ്ടിക്കാട്ടി. ദേശീയതയുടെ മൂല്യങ്ങളെ എതിര്‍ക്കുന്നത് ഗൗരവമായ വിഷയമാണെന്നും അഹമ്മദാബാദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഗാന്ധിനഗര്‍ ആര്‍ച്ച്‌ ബിഷപ്പ് തോമസ് മക്വാന്‍ ‘ദേശീയവാദത്തിന്റെ ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കൂ’ എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറത്തിറക്കിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നവംബര്‍ 21-നാണ് മക്വാന്റെ പേരിലുള്ള കത്ത് പുറത്തിറങ്ങിയത്. ‘രാജ്യത്തെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ്. മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു. പള്ളികള്‍ക്കും വിശ്വാസങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേയുള്ള അക്രമമില്ലാതെ ഒരു ദിവസംപോലും കടന്നുപോവുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ അരക്ഷിതത്വബോധം വളരുന്നു.’ -കത്തില്‍ പറയുന്നു. ഈ അവസ്ഥയ്ക്ക് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top