×

ആലിംഗനവിവാദം; ജെയ്‌ക്ക്‌ സി തോമസിന്റെ പോസ്റ്റ്‌ വൈറലാകുന്നു

കൊച്ചി > തിരുവനന്തപുരം സെന്റ് തോമസ് സ്കൂളില്‍ ആലിംഗനം ചെയ്തതിന് കുട്ടികളെ പുറത്താക്കിയ നടപടിക്കെതിരെ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ്. രണ്ടായിരത്തി പതിനേഴാം ആണ്ടിലും ഇത്തരക്കാരെ ഭരിക്കുന്നത് ഏതു കാലത്തെ തുരുമ്ബി ദ്രവിച്ച സദാചാരബോധം ആണെന്ന് ജെയ്ക്ക് ചോദിക്കുന്നു. ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമസിന്റെ പേരിലുള്ള സ്കൂളില്‍ ഇരുന്നുകൊണ്ടാണ് ഇത്തരത്തില്‍ ഉള്ള വിരോധാഭാസങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുട്ടികളെ പുറത്താക്കി താലിബാന്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരെ ഒക്കെ ഒരേ തൂവല്‍ പക്ഷികളായിട്ട് തന്നെ വേണം കാണേണ്ടത്. രോഗാതുരമായ സദാചാരത്തിന് മാനവിക തന്നെയാണ് മറുപടിയെന്നും ജെയ്ക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ആലിംഗനം ചെയ്തവരെ പുറത്താക്കി ക്രൈസ്തവ ധര്‍മം നടപ്പിലാക്കി എന്ന് അഹങ്കരിക്കുന്നവരോട്, വേശ്യാവൃത്തി ചെയ്തിരുന്നുവെന്ന് ബൈബിള്‍ പറയുന്ന ആ സ്ത്രീയുടെ ചെരുപ്പിന്റെ വാറഴിക്കുവാന്‍ ഉള്ള യോഗ്യത പോലും നിങ്ങള്‍ക്കുണ്ടാവുകയില്ല.

തിരുവനന്തപുരം സെന്റ് തോമസ് സ്കൂളില്‍ ആലിംഗനം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ഥികളെ പുറത്താക്കിയിട്ട് മാസങ്ങള്‍ തികയുകയാണ് .കലാപ്രകടനത്തില്‍ മികവോടെ അവതരണം ചെയ്ത തന്റെ പെണ്‍സുഹൃത്തിനെ ആലിംഗനം ചെയ്തതാണ് ക്രിസ്ത്യന്‍ സഭാ മാനേജ്മന്റ് നിയന്ത്രിക്കുന്ന സെന്റ് തോമസ് സ്കൂള്‍ അധികൃതര്‍ കണ്ടെത്തിയിരിക്കുന്ന മഹാപാതകം .പുറത്താക്കലിന്റെ പ്രഖ്യാപനം നടത്തിയത് കൂടാതെ വിദ്യാര്‍ഥികളുടെ ഇന്‍സ്റ്റാഗ്രാമിലെ ചിത്രം പ്രിന്റ് ഔട്ട് എടുത്ത് മറ്റ് സ്കൂളുകള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു സെന്റ് തോമസ് സ്കൂളിലെ അഭിനവ ക്രൈസ്തവ ശിഷ്യന്മാര്‍.
ക്രിസ്തുവിന്റെ ശിഷ്യനായിരുന്ന തോമസിന്റെ പേരിലുള്ള സ്കൂളില്‍ ഇരുന്നുകൊണ്ടാണ് ഇത്തരത്തില്‍ ഉള്ള വിരോധാഭാസങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നത് .

രണ്ടായിരത്തി പതിനേഴാം ആണ്ടിലും നിങ്ങളെ ഭരിക്കുന്നത് ഏതു കാലത്തെ തുരുമ്ബി ദ്രവിച്ച സദാചാരബോധം ആണെന്ന് കക്ഷത്തില്‍ ഇരിക്കുന്ന ബൈബിള്‍ എടുത്തെങ്കിലുമൊന്നു പരിശോധിക്കണം സര്‍. നിങ്ങള്‍ക്ക് പണം സംഭാവന നല്‍കുന്ന പലിശകൊള്ളക്കാരുടെ മൊത്തം ഊറ്റുന്ന സ്ഥാപനങ്ങളില്‍ ചില്ലിട്ട് വെക്കേണ്ട രൂപവും ദര്‍ശനവും അല്ല ക്രിസ്തു . നിങ്ങള്‍ക്ക് പണം നല്‍കുന്നവരുടെ ബാര്‍ ഹോട്ടലുകളുടെ പളുപളപ്പില്‍ വെട്ടിത്തിളങ്ങുന്ന സ്വര്‍ണ മാലകളിലെ ക്രൂശിത രൂപവും അല്ല അത്.കച്ചവടകേന്ദ്രങ്ങളിലെ വികാരരഹിത വിഗ്രഹങ്ങളിലെ രൂപവും അല്ല ക്രിസ്തു .

വേശ്യ സ്ത്രീയെ ചേര്‍ത്ത് നിര്‍ത്തിയ,വ്യവസ്ഥിതികള്‍ക്ക് കീഴ്പെടാത്ത ഒരു ക്രിസ്തുവിനെ കാണണം അറിയണം .വേശ്യാവൃത്തിക്ക് ഇടയില്‍ ജനക്കൂട്ടം പിടികൂടി (ഇന്നിന്റെ ഇന്ത്യയിലെ അതേ മോബ് ലിഞ്ചിങ് തന്നെ) കല്ലെറിഞ്ഞു കൊല്ലുവാന്‍ ആരംഭിക്കുമ്ബോള്‍ നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ഇവളെ കല്ലെറിയട്ടെ എന്ന് പ്രഖ്യാപിച്ച മനുഷ്യ മഹാവെളിച്ചം. .
ഭാഗ്യവശാല്‍ ക്രിസ്ത്യാനികള്‍ ആയവര്‍ വിഭാവനം ചെയ്ത സ്വര്‍ഗത്തില്‍ നിങ്ങള്‍ പുറത്താക്കിയവര്‍ക്ക് ഇടമുണ്ടാകും നിശ്ചയം .പക്ഷെ അവിടെ വേശ്യാവൃത്തി ചെയ്തിരുന്ന സ്ത്രീയുടെ ചെരുപ്പിന്റെ വാറഴിക്കുവാന്‍ പോലും നിങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകുകയില്ല .

പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയെ പുറത്താക്കി ക്രൈസ്തവ ധര്‍മം നിര്‍വഹിച്ചു എന്ന ആശ്വാസം കൊണ്ട് നെടുവീര്‍പ്പെട്ട് ഉറക്കത്തിലേക്ക് വീഴും മുന്‍പ് ഒരു നിമിഷം എടുത്തു മനസ്സിരുത്തി വായിക്കണം സര്‍. ബൈബിളില്‍ ഒരു ഇടയനുണ്ടായിരുന്നു സര്‍ .നൂറ് ആടുകള്‍ ഉണ്ടായിരുന്ന ഇടയന്‍ .നൂറിലൊന്ന് വഴി തെറ്റിയപ്പോള്‍ കൂടെയുള്ള തൊണ്ണൂറ്റിയൊന്‍പതിനേയും ഉപേക്ഷിച്ച്‌ വഴിതെറ്റി പോയതിനെ തേടിയിറങ്ങിയ ഇടയന്‍ . അധ്യാപകരെ ലക്ഷങ്ങള്‍ വാങ്ങി ഇടവകയില്‍ നിന്ന് തന്നെ നിയമിക്കുന്ന അവസരങ്ങളില്‍ എങ്കിലും ഒന്ന് പറഞ്ഞു നല്‍കണം തെറ്റിനെ തേടി പോയി തിരുത്തി തിരികെ കൊണ്ടുവന്ന നല്ല അധ്യാപകനായിരുന്നു ആ ഇടയന്‍ എന്ന് .അങ്ങനെ ഒരു ക്രിസ്തുവുണ്ടായിരുന്നു . തെറ്റിനെ തിരുത്തിയ, വേശ്യസ്ത്രീയെ ചേര്‍ത്തണച്ച,പലിശക്കാരെ ചാട്ടവാറുകൊണ്ട് അടിച്ച്‌,നിങ്ങള്‍ക്ക് പരിചിതമല്ലാത്ത ഒരു ക്രിസ്തു.ഇനിയും ജന്മങ്ങള്‍ പലത് ജനിച്ചു തീര്‍ത്താലും നിങ്ങള്‍ക്കൊന്നും സ്പര്‍ശിക്കാന്‍ പോലും ആകാത്ത ക്രിസ്തു.

കുട്ടികളെ പുറത്താക്കി താലിബാന്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവരെ ഒക്കെ ഒരേ തൂവല്‍ പക്ഷികളായിട്ട് തന്നെ വേണം കാണുവാന്‍ .കുതിരവട്ടത്ത് മാത്രം ചികിത്സക്ക് വിധേയം ആകേണ്ട തലച്ചോറുകള്‍ സമൃദ്ധമാകുന്ന ഒരു മേഖലയില്‍ കാലത്തിന് പ്രതീക്ഷയേകുന്ന ചെറുത്ത് നില്പുമായി ഇന്നലെകളില്‍ നൂറുകണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒത്തൊരുമിച്ചു തന്നെ മാര്‍ച്ച്‌ ചെയ്തു നിങ്ങളുടെ .രോഗാതുരമായ സദാചാരത്തിന് മറുപടി ഞങ്ങളുയര്‍ത്തുന്ന മാനവികത ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top