×

നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം വ്യാപാരികളുടെ ബഹളത്തില്‍ അലങ്കോലപ്പെട്ടു

കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവ് ഉദ്ഘാടനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം വ്യാപാരികളുടെ ബഹളത്തില്‍ അലങ്കോലപ്പെട്ടു. ജില്ലാകളക്ടറെയും മേയറും എം.എല്‍.എമാരുമടക്കമുള്ള ജനപ്രതിനിധികളെയും വ്യാപാരികള്‍ കൂകി വിളിച്ചു. എം കെ മുനീര്‍ എം എല്‍ എയുടെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചെടുക്കാനും ശ്രമിച്ചു. ഇതിനിടെ എം കെ മുനീര്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളര്‍ന്നിരുന്നുപോയി. മാനാഞ്ചിറ പബ്ലിക്ക് ലൈബ്രറിയില്‍ വെള്ളിയാഴ്ച കളക്ടര്‍ യു വി ജോസ് വിളിച്ചുചേര്‍ത്ത യോഗമാണ് അലങ്കോലപ്പെട്ടത്.

വ്യാപാരി സംഘടനാ പ്രതിനിധികളെ മാത്രമാണ് യോഗത്തിന് വിളിച്ചിരുന്നത്. എന്നാല്‍ കളക്ടറും ജനപ്രതിനിധികളും എത്തുന്നതിനു മുന്‍പ് തന്നെ മിഠായിത്തെരുവിലെ വ്യാപാരികള്‍ മുഴുവന്‍ എത്തി.ഗാതഗതം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് ഇവര്‍ വന്നത്. യോഗം നടത്താനുള്ള സാഹചര്യമൊരുക്കണമെന്ന് കളക്ടര്‍ വ്യാപാരി നേതാക്കളോടെ ആദ്യം പറഞ്ഞെങ്കിലും മിഠായിത്തെരുവിലൂടെ വാഹനം കടത്തിവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ യോഗം തുടരേണ്ടെന്ന് വ്യാപാരികള്‍ നിലപാടെടുത്തു.

ഇപ്പോള്‍ ഉദ്ഘാടനത്തിന്റെ കാര്യം തീരുമാനിക്കാം അത് പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് കളക്ടര്‍ പറഞ്ഞെങ്കിലും വ്യാപാരികള്‍ പഴയ നിലപാട് തുടര്‍ന്നു. തീരുമാനമറിയാതെ പോവില്ലെന്ന് പറഞ്ഞ് ബഹളംവെച്ചതോടെ ഡോ എം കെ മുനീര്‍ എം എല്‍ എ ഇടപെട്ടു. ഗതാഗതം നിരോധിച്ച്‌ ഇതുവരെ ഒരു ഉത്തരവും ഇറങ്ങിയിട്ടില്ല. പണി നടക്കുന്നത് കൊണ്ടുള്ള വിലക്ക് മാത്രമാണുള്ളത്. കോര്‍പ്പറേഷന്‍ കൗണ്‍സിലാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്.

അതുകൊണ്ട് എല്ലാവരും സഹകരിച്ച്‌ ഉദ്ഘാടനത്തിന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ മാനിക്കാന്‍ തയ്യാറാവണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടെങ്കിലും ചിലര്‍ അദ്ദേഹത്തോട് തട്ടിക്കയറി. കൂടുതല്‍ വിശദീകരിക്കാനുള്ള ശ്രമങ്ങള്‍ ബഹളത്തില്‍ കലാശിച്ചു. ശാന്തരാവാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് ബഹളം കൂടിയതോടെ എം കെ മുനീര്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് തളര്‍ന്നിരുന്നു പോയി. തുടര്‍ന്ന് ഇടപെട്ട എ പ്രദീപ്കുമാര്‍ എം.എല്‍.എയ്ക്കുനേരെയും വ്യാപാരികള്‍ കയര്‍ത്തു.

എല്ലാവരെയും ബന്ദികളാക്കി തീരുമാനമെടുപ്പിക്കാമെന്ന് വ്യാമോഹിക്കരുതെന്ന് എം.എല്‍.പറഞ്ഞു. വ്യാപാരിസംഘടനാ നേതാക്കള്‍ ഇടപെട്ടിട്ടും ബഹളം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ സംഘടനാ പ്രതിനിധികളല്ലാത്ത മുഴുവന്‍പേരെയും പോലീസ് നീക്കം ചെയ്തു. ലൈബ്രറിയുടെ കോണിപ്പടിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ച്‌ അവര്‍ ഇറങ്ങിപ്പോയി. താഴെകാത്തു നിന്ന വ്യാപാരികള്‍ കളക്ടറും ജനപ്രതിനിധികളും ഇറങ്ങിപ്പോവുമ്ബോള്‍ കൂകിവിളിക്കുകയും ചെയ്തു. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിയില്‍ സംഘര്‍ഷാവസ്ഥ നില നിന്നതിനെതുടര്‍ന്ന് മേയറുടെ ചേംബറിലാണ് പിന്നീട് യോഗം നടന്നത്.

എം.കെ.മുനീറിനെതിരെ നടന്നത് കൈയ്യേറ്റം- എ.പ്രദീപ്കുമാര്‍

ഡോ. എം.കെ.മുനീര്‍ എം.എല്‍.ക്കെതിരെ യോഗത്തില്‍ നടന്നത് കൈയേറ്റമാണെന്ന് എ.പ്രദീപ്കുമാര്‍ എം.എല്‍.പറഞ്ഞു.മുനീറിന്റെ കൈയില്‍ നിന്ന് കെ.സേതുമാധവന്‍ മൈക്ക് തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.കളക്ടര്‍ ശാന്തമാക്കാന്‍ ശ്രമിച്ചിട്ടും അവര്‍ അടങ്ങിയില്ല.തീര്‍പ്പുണ്ടാക്കിയിട്ടേ പോകാന്‍ പറ്റൂ എന്ന് പറയുന്നത് ധിക്കാരമാണ്.

ബന്ദികളാക്കി നിര്‍ത്തി തീരുമാനമെടുപ്പിക്കുകയാണെങ്കില്‍ ഈ ജനാധിപത്യസംവിധാനങ്ങള്‍ക്ക് എന്തര്‍ത്ഥമാണുള്ളത്.അങ്ങനെവഴങ്ങിക്കൊടുത്താല്‍ ഞങ്ങള്‍ ഈ സ്ഥാനത്ത് തുടരുന്നതില്‍ കാര്യമില്ല.എല്ലാം സംസ്കാര സമ്ബന്നമായ നിലയിലല്ലെ കൈകാര്യം ചെയ്യേണ്ടത്. ഇത്തരമൊരു സംഭവം കോഴിക്കോട്ട് മുന്‍പുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top