×

സംസ്ഥാനത്ത് കൊടുങ്കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം:  കേരളതീരത്തിനടുത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദ്ദേശം.

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റ് കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ് രൂപപ്പെട്ടിരിക്കുന്നത്.

കൊല്ലം കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജിഷ്ണു ആണ് മരിച്ചത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പാറശ്ശാലയിലെ കലോത്സവ വേദി തകര്‍ന്നു വീണു. വിദ്യാര്‍ത്ഥികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കൊട്ടാരക്കരയില്‍ പിഡബ്ല്യൂഡി കെട്ടിടം തകര്‍ന്നു.

മരം വീണ് കൊല്ലം ചെങ്കോട്ട ദേശീയ പാത ഗതാഗതം തടസ്സപ്പെട്ടു.

എന്നാല്‍ സുനാമിക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്.

ഇതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.

ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. തെക്കന്‍ കേരളത്തിലുടനീളം ഇന്ന് രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്.

ലക്ഷദ്വീപിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിട്ടുണ്ട്.

തെക്കന്‍ തമിഴ്നാട്ടിലും കേരളത്തിലും അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഇന്നുച്ചയ്ക്ക് 12നു ശേഷം തിരുവനന്തപുരം ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ഇടുക്കിയില്‍ പലഭാഗത്തും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഉടുമ്ബന്‍ചോല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയത്തും രാവിലെ മുതല്‍ മൂടികെട്ടിയ അന്തരീക്ഷവും മഴയുമാണ്.

നാശനഷ്ടങ്ങള്‍ തുടരുന്നതിനാല്‍ 70 അംഗ ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഘലയിലും ഇന്നും നാളെയും വിനോദസഞ്ചാരത്തിനായി പോകരുത്

2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഘലയില്‍ വൈകിട്ട് 6നും പകല്‍ 7നും ഇടയിലുള്ള യാത്ര ഒഴിവാക്കുക

3. വൈദ്യുതതടസം ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.

4. മോട്ടര്‍ ഉപയോഗിച്ച്‌ പമ്ബ് ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ ഇന്ന് പകല്‍ സമയം തന്നെ ആവശ്യമായ് ജലം സംഭരിക്കുക.

5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തിര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.

6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്

7. മലയോര റോഡുകളില്‍, പ്രത്യേകിച്ച്‌ നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top