×

അടുത്ത കുരുക്ക് രമേശ് ചെന്നിത്തലക്ക് ഒരുങ്ങുന്നു.

തിരുവനന്തപുരം: സോളാറില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഒന്നടങ്കം പ്രതിക്കൂട്ടിലായതിന് പിന്നാലെ അടുത്ത കുരുക്ക് രമേശ് ചെന്നിത്തലക്ക് ഒരുങ്ങുന്നു.

ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടന്ന പൊലീസ് നിയമന തട്ടിപ്പ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് തട്ടിപ്പിന് ഇരയായവര്‍.

2015 ലാണ് പൊലീസ് നിയമനം തരപ്പെടുത്തി തരാം എന്ന് വാഗ്ദാനം ചെയ്ത് ഹരിപ്പാട് സ്വദേശി ശരണ്യ വിവിധ സ്ഥലങ്ങളില്‍ നിന്നും വന്‍തോതില്‍ പണപ്പിരിവ് നടത്തിയത്.

50,000 മുതല്‍ രണ്ട് ലക്ഷം വരെയായിരുന്നു അഡ്വാന്‍സ് തുകയായി കൈപറ്റിയിരുന്നത്. മൊത്തത്തില്‍ കോടികള്‍ വരുമിത്.

മന്ത്രിയുടെ ഓഫീസിലെ ലെറ്റര്‍പാഡും സീലും ഉപയോഗിച്ചായിരുന്നു തട്ടിപ്പ് എന്നത് കേസിനെ അതീവ ഗൗരവമുള്ളതാക്കിയിരുന്നു.

തുടക്കത്തില്‍ കായംകുളം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്.

അറസ്റ്റിലായിരുന്ന ശരണ്യ പൊലീസിനും തുടര്‍ന്ന് ഹരിപ്പാട് കോടതിയിലും നല്‍കിയ മൊഴികളില്‍ ചെന്നിത്തലയുടെ ഓഫീസിനെ പരാമര്‍ശിച്ചിരുന്നു

ഇതോടെ ഭരണതലത്തില്‍ ഇടപെടല്‍ നടത്തി അന്വേഷണം ചെന്നിത്തലയുടെ വേണ്ടപ്പെട്ട ഉദ്യോഗസ്ഥന് കൈമാറി.

ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ശരണ്യയെ സമ്മര്‍ദ്ദം ചെലുത്തി പിന്നീട് ചെന്നിത്തലയുടെ ഓഫീസിനെതിരായ പരാമര്‍ശം പിന്‍വലിപ്പിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് ഇപ്പോള്‍ പരാതിക്കാര്‍ ഉന്നയിക്കുന്നത്.

ആരും ആവശ്യപ്പെടാതെ തന്നെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത് ഇതിന്റെ തെളിവായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ചെന്നിത്തലയുടെ ഓഫീസിനെ പൂര്‍ണ്ണമായും ഒഴിവാക്കിയായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നത്.

ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രം സ്വീകാര്യമല്ലെന്നും തട്ടിപ്പ് കേസില്‍ മുന്‍ ആഭ്യന്തര മന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകള്‍ പുനരന്വേഷിക്കണമെന്നുമാണ് തട്ടിപ്പിനിരയായവരുടെ ആവശ്യം.

സര്‍ക്കാറിനെതിരായ പടയൊരുക്കം ജാഥ തലസ്ഥാനത്ത് എത്തുന്നതിനു മുന്‍പ് തന്നെ ചെന്നിത്തലക്കെതിരായ പടയൊരുക്കമാണ് ഇപ്പോള്‍ അണിയറയില്‍ ശക്തമായിരിക്കുന്നത്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് ഉമ്മന്‍ ചാണ്ടിക്ക് വിനയായിരുന്നത് എന്നത് പോലെ തന്നെ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസിനെ ‘ഉപയോഗിച്ച്‌ ‘തട്ടിപ്പ് നടത്തിയതിന് പുനരന്വേഷണം നടന്നാല്‍ രമേശ് ചെന്നിത്തലയും പ്രതിരോധത്തിലാകും.

കോണ്‍ഗ്രസ്സിലെ എ ഗ്രൂപ്പിനെ സംബന്ധിച്ച്‌ ഏറെ സന്തോഷം പകരുന്ന കാര്യമായിരിക്കും ഈ പുനരന്വേഷണം.

ചെന്നിത്തലയെ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ഉള്ള പ്രതിപക്ഷ നേതാവ് സ്ഥാനവും അദ്ദേഹത്തില്‍ നിന്നും തെറിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top