×

22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് കേവലം അധികാരം നിലനിര്‍ത്തുക മാത്രമല്ല ലക്ഷ്യം ;അമിത് ഷാ … നിലവിലെ ബി.ജെ.പിക്ക് 121

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരമുറപ്പിക്കുന്നതിനുള്ള അഴിച്ചുപണിയുമായി ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ മന്ത്രിമാര്‍ അടക്കം പല സിറ്റിംഗ് എം.എല്‍.എമാര്‍ക്കും സീറ്റ് നഷ്ടപ്പെട്ടേക്കും. ആറ് മന്ത്രിമാരടക്കം 35 എം.എല്‍.എമാര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടേക്കുമെന്നാണ് സൂചന. നിലവിലെ നിയമസഭയില്‍ ബി.ജെ.പിക്ക് 121 അംഗങ്ങളാണുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തീരുമാനമുണ്ടായാല്‍ ഏറ്റവും ഉചിതമായ സമയത്ത് പുറത്തുവരുമെന്ന് കേന്ദ്രമന്ത്രി ജെ.പി നഡ്ഡ പറഞ്ഞു.

ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിലേക്കുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രണ്ടു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. 150 പേരുകളാകും പട്ടികയില്‍ ഉണ്ടാകുക. അതേസമയം, സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസും പട്ടിക സംബന്ധിച്ച ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ 22 വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബി.ജെ.പിക്ക് കേവലം അധികാരം നിലനിര്‍ത്തുക മാത്രമല്ല ലക്ഷ്യം. 182 സീറ്റുകളില്‍ കുറഞ്ഞത് 150 എണ്ണമെങ്കില്‍ സ്വന്തമാക്കി നരേന്ദ്ര മോഡിക്ക് സമ്മാനിക്കണമെന്നാണ് അമിത് ഷായുടെ നിര്‍ദേശം. നോട്ട് നിരോധനം സൃഷ്ടിച്ച പ്രതിസന്ധിക്കു പിന്നാലെ ജി.എസ്.ടി കൂടി വന്നതോടെ ഉടലെടുത്ത സാമ്ബത്തിക അസ്വസ്ഥതകളുടെ നടുവിലാണ് സര്‍ക്കാര്‍ ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പില്‍ നേരിടുന്ന ഓരോ തിരിച്ചടിയും കേന്ദ്രസര്‍ക്കാരിനെയായിരിക്കും ബാധിക്കുക എന്ന തിരിച്ചറിവും ബി.ജെ.പി നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ സാമ്ബത്തിക പ്രശ്നങ്ങളായിരിക്കും കോണ്‍ഗ്രസും ഉയര്‍ത്തിക്കാട്ടുക.

പട്യാദര്‍ സമര നേതാവ് ഹര്‍ദിക് പട്ടേലിന്റെ സാന്നിധ്യവും ബി.ജെ.പിക്ക് തലവേദനയാണ്. പതിറ്റാണ്ടുകളായി ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സമൂഹത്തിന് ഇതുവരെ ന്യായമായ പദ്ധതികള്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പട്ടേല്‍ ആരോപിക്കുന്നു. ഗുജറാത്ത് ജനസംഖ്യയില്‍ 14% പട്യാദര്‍ സമൂഹമാണ്. ബി.ജെ.പി എം.എല്‍.എമാരില്‍ മൂന്നിലൊന്ന് പേരും ഇതേവിഭാഗത്തില്‍ നിന്നാണ്. മന്ത്രിമാരില്‍ ഒന്‍പത് പേര്‍ പട്ടേലുമാരാണ്. ഹര്‍ദിക് പട്ടേലിനെ നേരിടാന്‍ സമുദായത്തില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ സീറ്റു നല്‍കാനാണ് ബി.ജെ.പി നീക്കമെന്നും കരുതുന്നു.

രണ്ട് ഘട്ടങ്ങളായി ഡിസംബര്‍ എട്ടിനും 14നുമാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 18ന് വോട്ടെണ്ണലും ഉണ്ടാകും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top