×

മോദിയോട് എനിക്ക് താൽ‌പര്യമാണ്. പക്ഷേ അമിത് ഷായോട് അങ്ങനെയല്ല. പ്രധാനമന്ത്രിയെ കണ്ണടച്ച് ആക്ഷേപിക്കുന്നില്ല. എന്തിന് ഞാനങ്ങനെ ചെയ്യണം. സംശയങ്ങൾക്ക് ആക്കം കൂട്ടി ശിവസേന– മമത ചർച്ച

മുംബൈ∙ കേന്ദ്ര സർക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച തൃണമൂൽ കോൺഗ്രസും മുന്നണിക്കുള്ളിലെ ‘പ്രതിപക്ഷമായ’ ശിവസേനയും ഒരുമിക്കുന്നുവോ? സംശയങ്ങൾക്ക് ആക്കം കൂട്ടി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും കൂടിക്കാഴ്ച നടത്തി. ബംഗാൾ ആഗോള വ്യവസായ സമ്മേളനത്തിന്റെ ഭാഗമായുള്ള ക്ഷണിക്കലുകൾക്കാണ് മമത മുംബൈയിൽ എത്തിയത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മോഹങ്ങളിലേക്കുള്ള ക്ഷണം കൂടിയാണ് മുംബൈയിൽ നടന്നതെന്നാണ് സൂചന.
സമ്മേളനത്തിലേക്ക് പ്രമുഖ വ്യവസായികളെയും കമ്പനികളെയും നേരിൽ ക്ഷണിക്കാനാണ് മമത എത്തിയതെങ്കിലും ശിവസേനയുമായുള്ള കൂടിക്കാഴ്ചയായിരുന്നു മുഖ്യം. എൻഡിഎ സഖ്യകക്ഷിയായിട്ടും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന പാർട്ടിയാണ് ശിവസേന. കേന്ദ്രത്തിന്റെ അഭിമാന പദ്ധതികളായ നോട്ടു നിരോധനം, ജിഎസ്ടി എന്നിവയ്ക്കെതിരെയും വളർച്ചാ നിരക്ക് കുറഞ്ഞപ്പോഴും അച്ഛേ ദിൻ എവിടെയന്നു ചോദിച്ചു ശിവസേന രംഗത്തെത്തി.
ആധാർ ഉൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ നിരന്തരം പട പൊരുതുന്ന നേതാവാണ് മമത. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പല കാര്യത്തിലും അവർ വെല്ലുവിളിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് നോട്ടു നിരോധനം എന്നു പറഞ്ഞ മമത, നവംബർ എട്ടിന് കരിദിനമായി ആചരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മമത–ഉദ്ധവ് കൂടിക്കാഴ്ച പ്രധാന്യമേറിയതാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മകൻ ആദിത്യ താക്കറെയുടെ കൂടെയാണ് ഉദ്ധവ് മമതയെ കണ്ടത്. കൂടിക്കാഴ്ചയുടെ വിവരങ്ങൾ ഇരുനേതാക്കളും പുറത്തുവിട്ടില്ല.
മുംബൈയിൽ മമത താമസിക്കുന്ന ഹോട്ടലിൽ എത്തിയായിരുന്നു ശിവസേനയുടെ കൂടിക്കാഴ്ച. വെള്ളിയാഴ്ച മമത കൊൽക്കത്തയ്ക്കു മടങ്ങും. അതിനകം നിരവധി വ്യവസായികളെയും ബാങ്കുകളെയും കണ്ടുതീർക്കാനാണു പദ്ധതി. മുൻപും തൃണമൂലും ശിവസേനയും സഹകരിച്ചിട്ടുണ്ട്. നോട്ടു നിരോധന സമയത്ത് ഇരുവരും ബിജെപിക്കെതിരായി നിലകൊണ്ടു. എൻസിപി നേതാവ് ശരദ് പവാറിനെ നരേന്ദ്ര മോദി കണ്ടതിൽ തെറ്റില്ലെന്നതു പോലെ, മമതയുമായി ശിവസേന ചർച്ച നടത്തിയതിലും ശരികേടില്ലെന്നായിരുന്നു അന്നത്തെ വിശദീകരണം.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ പാർട്ടികളിൽ കൂറുമാറ്റവും മുന്നണിമാറ്റങ്ങളും സജീവമായിരിക്കെയാണ്, മമതയുടെയും തയാറെടുപ്പെന്നത് ശ്രദ്ധേം. ഇതിനിടയിൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ മോദിക്ക് അനുകൂലമായ പ്രസ്താവന നടത്തിയും മമത ശ്രദ്ധ നേടി. ‘മോദിയോട് എനിക്ക് താൽ‌പര്യമാണ്. പക്ഷേ അമിത് ഷായോട് അങ്ങനെയല്ല. പ്രധാനമന്ത്രിയെ കണ്ണടച്ച് ആക്ഷേപിക്കുന്നില്ല. എന്തിന് ഞാനങ്ങനെ ചെയ്യണം. അദ്ദേഹത്തിന്റെ പാർട്ടിയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം’– ഇതായിരുന്നു വാക്കുകൾ. എന്നാൽ, ക്വിറ്റ് ഇന്ത്യ സമരത്തിന്റെ സ്മരണയിൽ 2019 ഉന്നമിട്ട് ‘ബിജെപി ഇന്ത്യ വിടുക’ എന്ന ക്യാംപെയ്നും മമത തുടങ്ങിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top