×

പോര് മുറുകുന്നു; പരസ്പരം പഴിചാരി ദേശാഭിമാനിയും ജനയുഗവും

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്നും മന്ത്രിമാര്‍ വിട്ടു നിന്ന് എല്‍ഡിഎഫിന് ശക്തമായ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തെ ചൊല്ലി സിപിഎം – സിപിഐ പോരു മുറുകുന്നു. അസാധാരണ നടപടി അസാധാരണ സാഹചര്യത്തിലാണ് എടുക്കേണ്ടി വന്നതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വാദത്തിന് മറുപടിയുമായി ഇന്ന് ദേശാഭിമാനിയും രംഗത്തെത്തി. ഇത് അസാധാരണ നടപടി തന്നെ എന്ന തലക്കെട്ടോട് കൂടിയ മുഖപ്രസംഗത്തിലാണ് സിപിഐയ്ക്ക് മറുപടിയുമായി സിപിഎം രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇന്നലത്തെ എഡിറ്റോറിയലിന്റെ തുടര്‍ച്ചയെന്ന നിലയില്‍ സ്വന്തം നിലപാടിനെ ജനയുഗത്തിലൂടെ സിപിഐ ഇന്നും ന്യായീകരിച്ചിട്ടുണ്ട്.

ഒരേ മുന്നണിയിലെ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തിന് തോമസ്ചാണ്ടിയും സിപിഐ മന്ത്രിമാരുടെ വിട്ടുനില്‍ക്കലും കാര്യമായ വിള്ളല്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍. നവംബര്‍ 15ന്റെ മന്ത്രിസഭായോഗത്തില്‍നിന്ന് സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി ന്യായീകരിച്ചുള്ള ജനയുഗം മുഖപ്രസംഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ചീഫ് എഡിറ്റര്‍ എന്നനിലയില്‍ ഒപ്പിട്ട് പ്രസിദ്ധീകരിച്ചത് അസാധാരണ നടപടിയാണെന്ന് തുടങ്ങിയാണ് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ നീങ്ങുന്നത്.

മുന്നണിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് അഭിപ്രായസമന്വയമുണ്ടാക്കി തീരുമാനമെടുക്കുന്ന പ്രവര്‍ത്തനശൈലിയാണ് എല്‍ഡിഎഫിന്റേത്. ഓരോസന്ദര്‍ഭത്തിലും ഉയര്‍ന്നുവരുന്ന സങ്കീര്‍ണമായ പ്രശ്നങ്ങളെ സമചിത്തതയോടെ കൈകാര്യംചെയ്താണ് 1980മുതല്‍ എല്‍ഡിഎഫ് പ്രവര്‍ത്തിച്ചുവരുന്നത്. ഏതെങ്കിലും ഒരുകക്ഷിക്ക് വ്യത്യസ്ത അഭിപ്രായമുണ്ടായാല്‍ അത്തരം പ്രശ്നങ്ങള്‍ മാറ്റിവയ്ക്കുകയോ ചര്‍ച്ചയില്‍കൂടി പരിഹരിക്കുകയോചെയ്യുന്ന സമീപനമാണ് എല്ലായ്പോഴും കൈക്കൊണ്ടിട്ടുള്ളതെന്ന് ലേഖനത്തില്‍ പറയുന്നു.

സിപിഐ എം, സിപിഐ, ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ്, എന്‍സിപി എന്നീ കക്ഷികള്‍ ഉള്‍പ്പെട്ടതാണ് എല്‍ഡിഎഫ് മന്ത്രിസഭ. മന്ത്രിസഭയില്‍ ഇല്ലാത്ത ആര്‍എസ്പി ലെനിനിസ്റ്റ്, സിഎംപി, കേരള കോണ്‍ഗ്രസ് ബി എന്നിവരുടെ എംഎല്‍എമാരും പിന്തുണയ്ക്കുന്ന സര്‍ക്കാരാണിത്. ഒരു മുന്നണി എന്നനിലയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഏതെങ്കിലും ഒരു പാര്‍ടിയുടെ നിലപാട് മറ്റുള്ളവരെല്ലാം അംഗീകരിക്കണമെന്ന സമീപനം പ്രായോഗികമല്ല. അതുകൊണ്ടാണ് കക്ഷികള്‍തമ്മില്‍ ഉഭയകക്ഷിചര്‍ച്ചയും മുന്നണിക്കകത്തുനിന്നുള്ള ചര്‍ച്ചയും എന്ന രീതി പലപ്പോഴും സ്വീകരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ ശത്രുക്കള്‍ക്ക് മുതലെടുപ്പ് നടത്താന്‍ സഹായകവും ഇടതുപക്ഷമുന്നണിയെ ദുര്‍ബലപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസം നല്‍കുന്ന നടപടിയുമായിപ്പോയി എന്ന് പറയാതെ വയ്യെന്നും പറയുന്നു.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച്‌ യുക്തമായ തീരുമാനം കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയെ നവംബര്‍ 12ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ പരിശോധിച്ചുവരുന്നതിനിടയിലാണ് ഹൈക്കോടതിയില്‍നിന്ന് ചില പരാമര്‍ശങ്ങള്‍ ഉണ്ടായത്. തോമസ് ചാണ്ടി സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍സിപി നേതൃത്വത്തിനും മന്ത്രിയ്ക്കും നവംബര്‍ 15ന് രാവിലെ മന്ത്രിസഭായോഗത്തിനുമുമ്ബ് തന്നെ വന്നുകാണാന്‍ നിര്‍ദേശംനല്‍കി.

സ്ഥിതിഗതികളുടെ ഗൌരവം എന്‍സിപി നേതൃത്വത്തെയും മന്ത്രിയെയും മുഖ്യമന്ത്രി ധരിപ്പിച്ചപ്പോള്‍ അഖിലേന്ത്യാ പാര്‍ടി എന്ന നിലയില്‍ എന്‍സിപി കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് 10.30ന് ശേഷം തീരുമാനം അറിയിക്കാം എന്ന് അവര്‍ മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദേശം മന്ത്രിയും എന്‍സിപിയും തള്ളിക്കളയുന്ന സാഹചര്യമുണ്ടെങ്കിലാണ് മറ്റൊരു നടപടി സ്വീകരിക്കേണ്ടത.് എന്നാല്‍, മുഖ്യമന്ത്രിയുടെ നിര്‍ദേശം അംഗീകരിച്ച്‌ എന്‍സിപി കേന്ദ്രനേതൃത്വത്തിന്റെ അനുമതിയോടെ രാജിക്കത്ത് നല്‍കുകയാണ് തോമസ് ചാണ്ടി ചെയ്തത്.

മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കത്തക്ക എന്ത് അസാധാരണത്വമാണ് ഇവിടെ ഉണ്ടായത്? മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ തീരുമാനം എടുത്തിരുന്നെങ്കില്‍ ഒമ്ബതുമണിക്കുള്ള യോഗം മറ്റൊരുസമയത്തേക്ക് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടിയിരുന്നത്. എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനം ഉണ്ടായതിനുശേഷം യോഗം നടത്താം എന്ന തീരുമാനമല്ല സിപിഐ സ്വീകരിച്ചത്.

മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നറിയിച്ചുള്ള കുറിപ്പ് മുഖ്യമന്ത്രിക്ക് നല്‍കുകയാണുണ്ടായത്. ഇതാണ് അസാധാരണമായ നടപടി. എല്‍ഡിഎഫിനോ മുന്നണിക്കോ നിരക്കുന്ന നടപടിയാണോ സിപിഐ സ്വീകരിച്ചത് എന്ന് നേതൃത്വം പരിശോധിക്കണം. മന്ത്രിസഭായോഗം ബഹിഷ്കരിക്കത്തക്ക ഗുരുതരസാഹചര്യം വന്നാല്‍ മുന്നണിനേതൃത്വം വഴിയാണ് അക്കാര്യം കൈകാര്യംചെയ്യേണ്ടിയിരുന്നത്. അതിനുപകരം രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുകയല്ല വേണ്ടത്. മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രധാനമാണ്. അതിന് വിരുദ്ധമായ ചെറിയ നീക്കംപോലും എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയ ജനം പൊറുക്കുകയില്ലെന്നും ദേശാഭിമാനി പറയുന്നു.

ഇതിന് രാജിയിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ സിപി ഐഎം – സിപി ഐ നിലപാടുകള്‍ എന്ന ലേഖനത്തിലൂടെയാണ് ജനയുഗത്തി​ന്റെ മറുപടി.
മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തശേഷം താന്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് വെല്ലുവിളിച്ച്‌ തോമസ് ചാണ്ടി സെക്രട്ടേറിയറ്റില്‍ എത്തിയപ്പോഴാണ് സിപിഐ മന്ത്രിമാര്‍ക്ക് ഈ നിലപാട് എടുക്കേണ്ടി വന്നതെന്നാണ് ജനയുഗത്തിന്റെ മറുപടി. നിയമസഭ കക്ഷി നേതാവായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ തങ്ങള്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയെ രേഖാമൂലം അറിയിക്കാനുണ്ടായ സാഹചര്യം ഇതാണ്. ഭരണഘടന ലംഘനം നടത്തുകയും താന്‍കൂടി അംഗമായ മന്ത്രിസഭയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത ഒരു വ്യക്തിയോടൊപ്പം മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാനാകില്ല എന്നതാണ് സിപിഐയുടെ നിലപാടെന്നും പറയുന്നു.

ബുധനാഴ്ചതന്നെ മന്ത്രിസ്ഥാനം രാജിവെയ്ക്കുമെന്ന് തോമസ്ചാണ്ടി പാര്‍ട്ടി നേതൃത്വത്തിനെയോ നിയമസഭ കക്ഷിനേതാവിനെയോ ആരും അറിയിച്ചിരുന്നില്ല. മുഖ്യമന്ത്രിയും എന്‍സിപി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ റവന്യൂ മന്ത്രിയേയോ പാര്‍ട്ടി സെക്രട്ടറിയേയോ ബന്ധപ്പെട്ടവര്‍ അറിയിച്ചതുമില്ല. മന്ത്രി രാജിവെയ്ക്കുമെന്നുള്ള ധാരണ രാവിലെ ഉണ്ടായിരുന്നുവെന്ന് സിപിഐ അറിയുന്നത് കോടിയേരി വെളിപ്പെടുത്തിയതിലൂടെയാണ്. ശത്രുക്കളുടെ കൈയ്യിലെ ആയുധമാകാന്‍ സിപിഐ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് ആകുകയുമില്ല. എന്നാല്‍, ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ചാല്‍, അത് ചൂണ്ടിക്കാട്ടാനുള്ള ബാധ്യത സി പി ഐക്കുണ്ട്.

തോമസ്ചാണ്ടി രാജിവെച്ചതിന്റെ ക്രെഡിറ്റ് സിപിഐ ക്ക് വേണ്ട. ആര്‍ക്കുവേണമെങ്കിലും എടുക്കാം. നിയമ ലംഘനത്തിലൂടെ കായല്‍ കൈയ്യേറിയ തോമസ്ചാണ്ടി മാറണമെന്ന ആവശ്യം മാത്രമേ സിപിഐയ്ക്ക് ഉണ്ടായിരുന്നുള്ളു എന്നുമാണ് സിപിഐ വ്യക്തമാക്കുന്നത്. മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാനുള്ള തീരുമാനം സിപിഐ മന്ത്രിമാരും അവരെ നയിക്കുന്ന പാര്‍ട്ടിയും എടുത്തത് തങ്ങളുടെ നടപടി അസാധാരണമാണെന്ന ഉത്തമബോധ്യത്തോടെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ പറഞ്ഞിരുന്നു. അസാധാരണ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയതെന്നും അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ര്ടീയത്തെ നയിച്ചതെന്നും ജനയുഗത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വ്യക്തമാക്കി.

മന്ത്രിപദവിയില്‍ ഇരുന്നുകൊണ്ട് സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്വത്തിന്റെ ലംഘനമാണെന്ന് തിരിച്ചറിയാന്‍ ഹൈക്കോടതി വിധി കാത്തിരിക്കേണ്ടതില്ലെന്നും കോടതിയുടെ രൂക്ഷമായ പരാമര്‍ശം കൂടി പുറത്തുവന്നതോടെ തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതുതന്നെ മന്ത്രിസഭയെ സംബന്ധിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണെന്നും ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിലേക്ക് സിപിഐയെ നയിച്ചതെന്നും പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top