×

ദിലീപ് സംശയരോഗിയെന്നു മഞ്ജുവാര്യര്‍ ; എന്നിട്ടും അങ്ങേയറ്റം സഹകരിച്ചു ; ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പിരിഞ്ഞത്

കൊച്ചി: നടന്‍ ദിലീപ് സംശയരോഗിയാണെന്നു മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലാണു മഞ്ജുവിന്റെ സുപ്രധാനമൊഴി. എന്നാല്‍, ദിലീപിനു കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നു തനിക്കറിയില്ലെന്നും മഞ്ജു അന്വേഷണസംഘത്തിനു മൊഴി നല്‍കി.

ദിലീപിന്റെ കുട്ടിയുടെ അമ്മ എന്ന പരിമിതിയില്‍നിന്നുള്ള മൊഴിയാണു മഞ്ജു നല്‍കിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തില്‍ 13-ാം സാക്ഷിയാണു മഞ്ജു. ആക്രമണത്തിനിരയായ നടിയാണ് ഒന്നാംസാക്ഷി.

നാട്ടിലും വിദേശത്തും ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള പല സ്റ്റേജ് ഷോകളിലും ആക്രമണത്തിനിരയായ യുവനടി ഒപ്പമുണ്ടായിരുന്നു. വെട്ടിത്തുറന്നു ധാരാളം സംസാരിക്കുന്ന സ്വഭാവക്കാരിയാണ് അവര്‍. ദിലീപിനെയും കാവ്യയേയും ബന്ധപ്പെടുത്തി പലതും പ്രചരിച്ചതിനു പിന്നില്‍ ഈ നടിയാണെന്നു ദിലീപ് തെറ്റിദ്ധരിച്ചിരുന്നു. അതിനാല്‍ നടിയോടു ദിലീപിനു നീരസമുണ്ടായിരുന്നെന്നും മഞ്ജുവിന്റെ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.

പീഡനത്തിനിരയായ നടിയാണു ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി തന്നോടു പറഞ്ഞതെന്നു ദിലീപ് തെറ്റിദ്ധരിച്ചു. അതാണു നീരസത്തിനു കാരണമെന്നു കരുതുന്നു. എന്നാല്‍, ദിലീപ്-കാവ്യ ബന്ധത്തെപ്പറ്റി ഈ നടി യാതൊന്നും തന്നോടു പറഞ്ഞിരുന്നില്ല. തെറ്റിദ്ധാരണ മാറ്റാന്‍ താന്‍ പലപ്പോഴും ശ്രമിച്ചു പരാജയപ്പെട്ടു. സംശയം വര്‍ധിച്ച്‌, ഒടുവില്‍ തങ്ങളുടെ വിവാഹമോചനത്തിലെത്തി.

എന്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന സ്വഭാവം ദിലീപിനുണ്ട്. അതാണു തങ്ങള്‍ക്കിടയില്‍ പ്രശ്നം വഷളാക്കിയത്. എന്നിട്ടും അങ്ങേയറ്റം സഹകരിച്ചു ജീവിക്കാന്‍ ശ്രമിച്ചു. ഒന്നിച്ചുപോകാന്‍ ബുദ്ധിമുട്ടാണെന്നു ബോധ്യപ്പെട്ടപ്പോഴാണു പിരിയാന്‍ തീരുമാനിച്ചത്.

നടി ആക്രമിക്കപ്പെട്ടശേഷം ‘അമ്മ’ സംഘടിപ്പിച്ച പ്രതിഷേധയോഗത്തില്‍ പങ്കെടുത്തതും കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടതും സഹപ്രവര്‍ത്തകയെന്ന നിലയിലാണെന്നും മഞ്ജു അന്വേഷണസംഘത്തോടുപറഞ്ഞു. കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി എന്നിവരെയും പ്രോസിക്യൂഷന്‍ സാക്ഷികളാക്കിയിട്ടുണ്ട്. കേസില്‍ മഞ്ജുവിന്റെ മൊഴിയാകും ഏറ്റവും നിര്‍ണായകമാവുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top