×

വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക്,​ അടുത്തമാസം 15നകം എം.പിസ്ഥാനം രാജിവയ്ക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് യാത്രയായ ‘പടയൊരുക്കം’ ഒന്നാം തീയതി തലസ്ഥാനത്ത് സമാപിക്കാനിരിക്കെ മുന്നണി വിട്ട് എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു ഇടതുമുന്നണിയിലേക്ക് പോകാനൊരുങ്ങുന്നു. അടുത്തമാസം ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടായേക്കും. മുമ്ബ് ജനതാദള്‍ വിട്ടപ്പോള്‍ കേരളത്തില്‍ രൂപീകരിച്ച എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ചാകും വീരേന്ദ്രകുമാറും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോകുക. അതിന് മുന്നോടിയായി വീരേന്ദ്ര കുമാര്‍ രാജ്യസഭാ അംഗത്വം രാജിവയ്ക്കും. 15നകം അതുണ്ടാകുമെന്നാണ് സൂചന.

നിലവില്‍ ഇടതുമുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കാനാണ് സി.പി.എം നിര്‍ദേശമെങ്കിലും അതില്‍ ചില എതിര്‍പ്പുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മന്ത്രി മാത്യൂ.ടി. തോമസാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. എന്നാല്‍, സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നീ എം.എല്‍.എമാര്‍ സഹകരിക്കുമെന്നാണ് സൂചന. കൂടുതല്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടന്നേക്കും. സി.പി.എം നേതാക്കളുമായി അടുത്തദിവസങ്ങളില്‍ എം.പി. വീരേന്ദ്രകുമാര്‍ ചര്‍ച്ച നടത്തിയേക്കുമെന്നും അറിയുന്നു.

ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയിലേക്ക് പോയതോടെയാണ് പാര്‍ട്ടി കേരള ഘടകം പ്രതിസന്ധിയിലായത്. എന്‍.ഡി.എയ്ക്കൊപ്പം പോകാനില്ലെന്ന നിലപാടെടുത്ത കേരള ഘടകം വിമത നേതാവായ ശരത് യാദവിനൊപ്പം നിന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പാര്‍ട്ടി ചിഹ്നം നീതീഷ് കുമാര്‍ പക്ഷത്തിന് ലഭിച്ചതോടെ ശരത് യാദവ് പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അതിനൊപ്പം നില്‍ക്കാതെ കേരളത്തില്‍ നേരത്തെയുണ്ടായിരുന്ന എസ്.ജെ.ഡി പുനരുജ്ജീവിപ്പിച്ച്‌ ഇടതുമുന്നണിയോടൊപ്പം പോകാനാണ് കേരള ഘടകത്തിലെ ഭൂരിപക്ഷം നേതാക്കളുടെയും താത്പര്യം. അതിന്റെ ഭാഗമായ ചര്‍ച്ചകളാണ് നടക്കുന്നത്. എല്‍.ഡി.എഫിലേക്കു പോകാനാണെങ്കില്‍ നിലവില്‍ അവിടെയുള്ള ജനതാദള്‍ എസില്‍ ലയിച്ചാല്‍ മതി. എന്നാല്‍, വീരേന്ദ്രകുമാറിനെ ഉള്‍ക്കൊള്ളുന്നതില്‍ ജെ.ഡി.എസില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ലയിച്ചാല്‍ ഇപ്പോള്‍ ലഭിക്കുന്ന പ്രാമുഖ്യം നഷ്ടപ്പെടുമെന്ന ആശങ്ക ജെ.ഡി.എസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ലയനത്തിനായി ശക്തമായ നീക്കം നടന്നെങ്കിലും മുന്‍ മന്ത്രി കെ.പി. മോഹനന്റെ എതിര്‍പ്പ് കാരണം അത് നടക്കാതെ പോയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top