×

ജിഷ്ണു കേസില്‍ സിബിഐ വരുന്നു..! തീരുമാനം പുനഃപരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ് കേസില്‍ സിബിഐ തീരുമാനം പുനഃപരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ നിലപാട് അറിയിച്ചു. രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകും. കേസ് ഏറ്റെടുക്കാനാകില്ലെന്നായിരുന്നു സിബിഐ നേരത്തെ നിലപാട് എടുത്തിരുന്നത്. കേസിലെ രണ്ടാം പ്രതി എന്‍ കെ ശക്തിവേലിന്റെ ജാമ്യത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കര്‍ നല്‍കിയ ഹര്‍ജിയും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയും പരിഗണിച്ചപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചത്.

ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാടില്‍ അപാകതയുണ്ടെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സിബിഐ അന്വേഷണ ആവശ്യം നിരസിച്ച്‌ സിബിഐ ജോയിന്റ് ഡയറക്ടര്‍ കത്തെഴുതിയത് ശരിയായില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ രഹേന്‍ പി റാവലും, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി കെ ശശിയും ചൂണ്ടിക്കാട്ടി. അന്വേഷണം ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാരാണ്. അത് ഗൗരവത്തോടെ പരിഗണിച്ച്‌ തീരുമാനമെടുക്കേണ്ടത് സിബിഐയുടെ ചുമതലയുള്ള കേന്ദ്രമന്ത്രാലയമാണ്. ഏജന്‍സിയുടെ ഉദ്യോഗസ്ഥരല്ല തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ വാദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വാദത്തോട് യോജിച്ച സുപ്രീംകോടതി നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അറ്റോര്‍ണി ജനറല്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചത്.
എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ രണ്ടാം പ്രതി ശക്തിവേലിന്റെ ജാമ്യത്തെ മാത്രം ശക്തമായി എതിര്‍ക്കുന്ന ചോദ്യത്തിന്, അദ്ദേഹത്തിനെതിരെ പ്രിന്‍സിപ്പലിന്റെ മൊഴിയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകരുടെ വാദം. കേസ് അടുത്തമാസം രണ്ടിന് വീണ്ടും പരിഗണിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top