×

ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നവംബര്‍ 17ന് തുടക്കമാകും; ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ എതിരാളി കൊല്‍ക്കത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോളിന്റെ നാലാം സീസണ് നവംബര്‍ 17ന് കൊല്‍ക്കത്ത വിവേകാനന്ദ നവ ഭാരതി സ്‌റ്റേഡിയത്തില്‍ തുടക്കമാകും. കേരള ബ്ലാസ്റ്റേഴ്‌സും നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമാണ് ആദ്യ പോരാട്ടത്തില്‍ മുഖാമുഖം വരിക. കൊല്‍ക്കത്തയിലാണ് മത്സരം.

ഇത്തവണ പത്ത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 95 മത്സരങ്ങള്‍ ടൂര്‍ണമെന്റില്‍ കളിക്കും. ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന തരത്തിലുള്ളതാണ് ഇത്തവണ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. 17നു തുടങ്ങുന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ മാര്‍ച്ച് നാലിനാണ് പൂര്‍ത്തിയാവുക.

ബംഗളുരു എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി എന്നിവയാണ് നാലാം സീസണിലെ പുതിയ ടീമുകള്‍. ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ രാത്രി എട്ടു മുതലാണ് മത്സരങ്ങള്‍. ഞായറാഴ്ചകളില്‍ മാത്രം വൈകുന്നേരം 5.30നും രാത്രി എട്ടിനും മത്സരങ്ങളുണ്ടാകും.

ഓരോ ടീമിന്റെയും അവസാന ഇലവനില്‍ ആറു ഇന്ത്യന്‍ താരങ്ങളും അഞ്ച് വിദേശ താരങ്ങളുമാണുണ്ടാകുക. ആദ്യ മൂന്ന് സീസണില്‍ അഞ്ചു ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ ആദ്യ ഇലവനില്‍ കളിക്കാനാകുമായിരുന്നുള്ളൂ. വിദേശ താരങ്ങളുടെ എണ്ണം നേരത്തെ ആറായിരുന്നു.

ഐഎസ്എല്‍ ഗവേര്‍ണിങ് ബോഡി ഓരോ ഫ്രാഞ്ചൈസിയുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുന്ന കാര്യം തീരുമാനമായത്. ഇന്ത്യയുടെ പരിശീലകനായ സ്റ്റീഫെന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് പറഞ്ഞിരുന്നു. കോണ്‍സ്‌റ്റെന്റയ്‌ന്റെ ഈ നിര്‍ദേശം ഐഎസ്എല്‍ ഗവേര്‍ണിങ് ബോഡി പ്രാവര്‍ത്തികമാക്കുകയായിരുന്നു.

ഓരോ ക്ലബ്ബിനും 17 ഇന്ത്യന്‍ താരങ്ങളെയും എട്ടു വിദേശ താരങ്ങളെയും ലേലത്തിലെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇത്രയും താരങ്ങളെ ടീമിലെത്തിക്കാന്‍ 18 കോടി രൂപയാണ് ഓരോ ക്ലബ്ബിനും ചെലവാക്കാന്‍ അനുവദിക്കപ്പെട്ട തുക. നേരത്തെ 14 ഇന്ത്യന്‍ താരങ്ങളും 11 വിദേശ താരങ്ങളുമാണ് ഓരോ ടീമിലുമുണ്ടായിരുന്നത്.

അതേസമയം കഴിഞ്ഞ തവണ ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ച സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്‌സിയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം. നവംബര്‍ 24ന് വെള്ളിയാഴ്ചയാണ് കൊച്ചി സ്റ്റേഡിയത്തില്‍ മഞ്ഞപ്പട സ്വന്തം മൈതാനത്ത് ആദ്യ മത്സരത്തിനിറങ്ങുക. അതേസമയം, സൗത്ത് ഇന്ത്യന്‍ ഡെര്‍ബിയില്‍ ബംഗളൂരുവിനെ ഡിസംബര്‍ 31നാണ് ബ്ലാസ്റ്റേഴ്‌സ് കലൂര്‍ സ്റ്റേഡിയത്തില്‍ നേരിടുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top