×

മുട്ട തൊട്ടാൽ പൊള്ളും

കോട്ടയം: ഉത്പാദനക്കുറവിനൊപ്പം ഉപഭോഗവും കയറ്റുമതിയും കൂടിയതോടെ മുട്ടവില റെക്കാഡിലേക്ക് കുതിപ്പ് തുടങ്ങി. ഏഴ് രൂപയാണ് കോഴിമുട്ടയ്ക്ക് വില. ആദ്യമായാണ് കോഴിമുട്ടയ്ക്ക് വില അഞ്ച് രൂപയയ്ക്ക് മുകളിലെത്തുന്നത്. താറാവ് മുട്ടയ്ക്ക് പത്തു രൂപ കൊടുക്കണം. കൊടുംതണുപ്പിന്റെ പിടിയിലായ ഉത്തരേന്ത്യയില്‍ ആവശ്യം കൂടിയതാണ് മുട്ടവിലക്കയറ്റത്തിന്റെ പ്രധാന കാരണം. വില വരുംദിവസങ്ങളില്‍ കൂടുതല്‍ ഉയരുമെന്ന് ദേശീയ തലത്തില്‍ മുട്ടവില നിയന്ത്രിക്കുന്ന നാഷണല്‍ എഗ് കോ – ഓര്‍ഡിനേഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഉപഭോഗത്തിന്റെ പത്തു ശതമാനം പോലും ഉത്പാദനമില്ലാത്ത കേരളത്തിലേക്ക്, മുട്ട ഉത്പാദനത്തില്‍ ഇന്ത്യയില്‍ രണ്ടാംസ്ഥാനത്തുള്ള തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ് മുട്ടയെത്തുന്നത്. നൂറ് മുട്ടയ്ക്ക് 600 രൂപയാണ് നാമക്കലില്‍ ഇപ്പോള്‍ വില. ഈവര്‍ഷമാദ്യം വില അവിടെ 360 രൂപ മാത്രമായിരുന്നു. ഉത്പാദനം കുറഞ്ഞതോടെയാണ് വില ഇരട്ടിയിലേറെയായി മുന്നേറിയത്. ജൂലായില്‍ നാമക്കലിലെ ഉത്പാദനം 2.88 കോടിയായിരുന്നത് ഒക്ടോബറില്‍ 2.81 കോടിയിലേക്ക് താഴ്ന്നു. മുട്ട കൂടുതലായി ഉത്തരേന്ത്യയിലേക്കും വിദേശങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെട്ടതും വിലക്കയറ്റത്തിന് വഴിയൊരുക്കി.

ക്രിസ്മസ് കേക്കിന് വിലയേറും
മുട്ടവില കൂടുന്നതിനാല്‍ ക്രിസ്മസ് കേക്കുകള്‍ക്കും വില ഉയരും. ക്രിസ്മസ് കേക്കുകളുടെ നിര്‍മ്മാണം ഈമാസം മുതലാണ് തുടങ്ങുന്നത്. കേക്കുകളിലെ പ്രധാനഘടകമാണ് മുട്ട.

ഓംലെറ്ര് വില പൊള്ളും
ഹോട്ടലുകളിലും തട്ടുകടകളിലും ഇനി ഓംലെറ്ര് ഓര്‍ഡര്‍ ചെയ്യുമ്ബോള്‍ വില ശ്രദ്ധിക്കണം. മുട്ടവില കൂടിയതോടെ, ഓംലെറ്രിനും വില കൂട്ടിയിട്ടുണ്ട്. സിംഗിള്‍ കോഴിമുട്ട ഓംലെറ്രിന്റെ വില 15 രൂപയ്ക്ക് മുകളിലെത്തി. ഡബിളിന് കുറഞ്ഞത് 30 രൂപ കൊടുക്കണം. താറാവ് മുട്ട സിംഗിള്‍ ഓംലെറ്ര് വില 20 രൂപയാണ്.

ചൈനീസ് മുട്ട
വിലക്കുതിപ്പിന്റെ നേട്ടം കൊയ്യാന്‍ വിപണിയില്‍ ചൈനീസ് മുട്ടകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. തട്ടുകടക്കാര്‍ക്കാണ് ഇവയോട് കൂടുതല്‍ പ്രിയം. ഉള്ളില്‍ മഞ്ഞനിറം കൂടുതലാണെന്നതാണ് ഇവയുടെ പ്രത്യേകത.

3
മുട്ട ഉത്പാദനത്തില്‍ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. പ്രതിദിനം 20 കോടി മുട്ട ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ശരാശരി 60 മുട്ടയാണ് ഓരോ ഇന്ത്യക്കാരനും പ്രതിവര്‍ഷം കഴിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top