×

എസ്.ബി.ഐ യുടെ ആദ്യ സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു

തിരുവനന്തപുരം: ഒരൊറ്റ യൂസര്‍ ഐ.ഡി.യും പാസ് വേഡും ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാനും ബാങ്കിങ് ഇടപാടുകള്‍ നടത്താനും സാധിക്കുന്ന ആദ്യ സമഗ്ര ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) അവതരിപ്പിക്കുന്നു. ‘യോനോ’ (YONO) എന്നു പേരിട്ടിരിക്കുന്ന ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പുറത്തിറക്കും.

യോനോയിലൂടെ അഞ്ചു മിനിറ്റുകൊണ്ട് എസ്.ബി.ഐ. അക്കൗണ്ട് തുറക്കാം. വെറും നാലു ക്ലിക്കുകളിലൂടെ പണം അയയ്ക്കാം. അറുപതോളം ഇ-കൊമേഴ്സ് സൈറ്റുകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാം. സേവനങ്ങളും നടത്താം. ഇത്തരത്തില്‍ സാമ്ബത്തിക, ജീവിതശൈലീ സേവനങ്ങളും ഉത്പന്നങ്ങളും ഒരേ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്ഫോം ആണിതെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ രജനീഷ് കുമാര്‍ അറിയിച്ചു.

കടലാസ് ജോലികളില്ലാതെ വ്യക്തിഗത വായ്പയെടുക്കാനും സ്ഥിര നിക്ഷേപത്തിന്മേല്‍ ഓവര്‍ ഡ്രാഫ്റ്റ് എടുക്കാനും ഇതിലൂടെ സാധിക്കും. യോനോ വഴി ഇന്‍ഷുറന്‍സ് പോളിസികള്‍ പരിശോധിക്കാം. ഓണ്‍ലൈനായി അവ വാങ്ങാം. എസ്.ബി.ഐ. ഗ്രൂപ്പിന്റെ ബാങ്കിങ്, ധനകാര്യ ഉത്പന്നങ്ങള്‍, ഇന്റലിജന്റ് സ്പെന്‍ഡ് അനലൈസര്‍, ബാങ്കിങ് ഗൈഡ് എന്നിവയും ഇതിലുണ്ട്.

60 ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമായി ബാങ്ക് കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആമസോണ്‍, ഊബര്‍, ഒല, മിന്ത്ര, ജബോങ് എന്നിവ ഇതില്‍ പെടുന്നു. ടാക്സി ബുക്കിങ്, വിനോദം, ഭക്ഷണം, യാത്ര, താമസം, ആരോഗ്യരംഗം എന്നിങ്ങനെ 14 മേഖലകളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കും. പ്രത്യേക ഓഫറുകളും ഇളവുകളും പ്രയോജനപ്പെടുത്താം.

ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളില്‍ യോനോ ലഭ്യമാണ്. െവബ് സൈറ്റിലൂടെയും ലഭിക്കും. ഡല്‍ഹിയില്‍ യോനോ പുറത്തിറക്കുന്ന സമയം തിരുവനന്തപുരത്തും എസ്.ബി.ഐ. ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top