×

ആമിയും പൂമരവും ക്രിസ്മസിനില്ല

മഞ്ജുവാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയും കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരവും ക്രിസ്മസിന് റിലീസ് ചെയ്യില്ല. ആമി അടുത്ത വര്‍ഷമേ തിയേറ്ററുകളില്‍ എത്തുകയുള്ളൂവെന്ന് സംവിധായകന്‍ കമല്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു. കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനായ കമല്‍ ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചുള്ള തിരക്കുകളിലാണ്.
പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആമി. കൊച്ചി, ഒറ്റപ്പാലം, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. കമല്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുരളീ ഗോപിയും അനൂപ് മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ യുവതാരം ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തുന്നുണ്ട്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗുല്‍സാറിന്റെയും റഫീഖ് അഹമ്മദിന്റെയും വരികള്‍ക്ക് എം. ജയചന്ദ്രനും തൗഫീഖ് ഖുറേഷിയും സംഗീതം നല്‍കുന്നു. എഡിറ്റിംഗ്: ശ്രീകര്‍ പ്രസാദ്.

പൂമരം ഡിസംബറില്‍ തിയേറ്റുകളില്‍ എത്തുമെന്ന് ജയറാം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതേയുള്ളൂ. കാളിദാസ് ജയറാമിന്റെ നായകനായുള്ള മലയാളത്തിലെ അരങ്ങേറ്റം ചിത്രം എന്ന നിലയില്‍ പൂമരം ശ്രദ്ധ നേടിയിരുന്നു. 2016 സെപ്തംബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ഇതിനിടയില്‍ പുറത്തിറങ്ങിയ 2 ഗാനങ്ങള്‍ ഹിറ്റാകുകയും ചെയ്തു. മമ്മൂട്ടിച്ചിത്രം മാസ്റ്റര്‍പീസ്, ആഷിക്ക് അബു ടൊവിനോ തോമസ് ചിത്രം മായാനദി, പൃഥ്വിരാജിന്റെ വിമാനം, മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന ആട് 2, വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ആന അലറലോടലറല്‍ എന്നിവയാണ് ക്രിസ്മസിന് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top