×

ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ; യശ്വന്ത് സിന്‍ഹയെ തള്ളി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായി മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ നടത്തിയ വിമര്‍ശനത്തിനെതിരെ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന കാര്യം ആരും മറന്നുപോകരുതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിയതിനെ വിമര്‍ശിച്ചുകൊണ്ട് യശ്വന്ത് സിന്‍ഹ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തുതന്നെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ ശക്തമാണ്. രാജ്യത്തെ സംബന്ധിച്ച ഇത്തരം വസ്തുതകള്‍ ആരും മറക്കരുതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യയുടെ നിലവിലെ സാമ്പത്തികാവസ്ഥയുടെ പേരില്‍ സര്‍ക്കാരിനും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് യശ്വന്ത് സിന്‍ഹ തന്റെ ലേഖനത്തില്‍ ഉന്നയിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില താഴ്ന്നിട്ടും ധനസമാഹരണത്തിലൂടെ സാമ്പത്തിക ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ജെയ്റ്റിലി പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നെന്നും ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിലൂടെ നിരവധി ചെറുകിട സംരംഭങ്ങള്‍ തകര്‍ന്നു. ദശലക്ഷകണക്കിന് ആളുകള്‍ക്ക് തൊഴിലും അവസരങ്ങളും നഷ്ടമാക്കി. പുതിയ തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഒരു പദ്ധതിയുമില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ടെന്നും പേടി കാരണം ആരും ഒന്നും തുറന്ന് പറയുന്നില്ലെന്നും സിന്‍ഹ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ‘എനിക്കിപ്പോള്‍ സംസാരിക്കണം’ എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലായിരുന്നു വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിന്‍ഹയുടെ വിമര്‍ശനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top