×

വിവാദങ്ങള്‍ക്കിടെ യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിക്കും

ആഗ്ര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് താജ്മഹല്‍ സന്ദര്‍ശിക്കും. അരമണിക്കൂറോളം അദ്ദേഹം ഇവിടെ ചിലവഴിക്കുമെന്നാണ് വിവരം. താജ്മഹലിനെകുറിച്ച് ബിജെപി നേതാക്കള്‍ വിവാദ പ്രസ്താവന നടത്തുന്ന പശ്ചാത്തലത്തിലാണ് യോഗിയുടെ സന്ദര്‍ശനം.

താജ്മഹല്‍ സന്ദര്‍ശിക്കുന്ന യുപിയിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ആഗ്രയിലെ വിനോദസഞ്ചാരപദ്ധതികള്‍ അവലോകനം ചെയ്യുന്നതിനാണ് അദിത്യനാഥ് സന്ദര്‍ശനം നടത്തുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിന്റെ പേര് ഉള്‍പ്പെടുത്താത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ സംസ്‌കാരത്തിനാകെ അപമാനമാണ് താജ്മഹല്‍ എന്ന് ബിജെപി എംഎല്‍എ സംഗീത് സോം പ്രസ്താവന നടത്തിയത്.

അതിനിടെ യുപി സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കലണ്ടറില്‍ താജ്മഹലും ഉള്‍പ്പെടുത്തിയിരുന്നു. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പൈതൃക കലണ്ടറിലാണ് താജ്മഹലിനെ ഉള്‍പെടുത്തിയത്. ചിത്രത്തോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഫോട്ടോയും ചേര്‍ത്തിരുന്നു.

ഇത് കൂടാതെ ഗൊരഖ്പൂരിലെ ഗൊരഖ്‌നാഥ് ക്ഷേത്രവും കലണ്ടറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ബനാറസിലെ കാശി വിശ്വനാഥ് ക്ഷേത്രം, ഝാന്‍സി കോട്ട, സര്‍നാത് തുടങ്ങിയ സുപ്രധാന സ്ഥലങ്ങളും കലണ്ടറിലുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top