×

കേരകൃഷി നശിക്കുന്നു

ആലപ്പുഴ: കരകൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികളില്ല, ജില്ലയിലെ കേരകൃഷി നശിക്കുന്നു. ഓരോ വര്‍ഷവും നൂറുകണക്കിന് കേരവൃക്ഷങ്ങളാണ് നശിക്കുന്നത്. കയര്‍മേഖലയുടെ വികസനത്തിന്റെ ഭാഗമായി കേരകൃഷി പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്ബോളും കേരകര്‍ഷകര്‍ക്ക് അവഗണനയാണ്.
തെങ്ങുകള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, ഇവയുടെ പരിപാലനത്തിനായുള്ള ചെലവുകളിലെ വര്‍ധന തുടങ്ങി കര്‍ഷകര്‍ക്ക് പറയാന്‍ പരാതികളേറെ. ചെലവുമായി താരമത്യം ചെയ്താല്‍ ഉല്പാദനത്തിലൂടെയുള്ള വരുമാനം കുറവാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതിവഴിയില്‍ മുടങ്ങിയ അവസ്ഥയാണ്. കൃഷിഭവന്‍ മുഖേന തുടങ്ങിയ നാളികേര വികസന സമിതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് കാലങ്ങളായി.
കര്‍ഷകര്‍ക്ക് കൂടി പങ്കാളിത്തമുള്ള വികസന സമിതിയിലൂടെ നല്ലയിനം തെങ്ങിന്‍ തൈകള്‍ കുറഞ്ഞ വിലയ്ക്കു കര്‍ഷകര്‍ക്കു നല്‍കുക, കര്‍ഷകരില്‍ നിന്ന് വിത്തു തേങ്ങ സംഭരിക്കുക തുടങ്ങി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. മഞ്ഞളിപ്പു രോഗം, മണ്ടചീയല്‍, പ്രകൃതിക്ഷോഭം എന്നിവ മൂലം നശിക്കുന്ന തെങ്ങ് കൃഷി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ കേരസമിതി പ്രവര്‍ത്തകര്‍ കണ്ടെത്തി വെട്ടി മാറ്റിക്കുകയും അതിന് 250 രൂപയും പകരം തെങ്ങിന്‍ തൈ നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ പദ്ധതികളെക്കുറിച്ച്‌ പോലും കൃഷി ഉദ്യോഗസ്ഥര്‍ക്കു അറിയില്ല. ഓരോ കൃഷിഭവനിലും നാളികേര കര്‍ഷകരായ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ചെറുകിട സംരംഭം ആരംഭിക്കാന്‍ പദ്ധതിയിട്ടെങ്കിലും പ്രാവര്‍ത്തികമായില്ല. നാളികേര ഉല്‍പന്നങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ യന്ത്രങ്ങള്‍ വാങ്ങുന്നതിനും സ്ഥാപനം തുടങ്ങുന്നതിനും വായ്പയും വാഗ്ദാനം ചെയ്തിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ തെങ്ങു വളമായി മഗ്നീഷ്യം റോക്ഫോസ്ഫേറ്റ്, യൂറിയ തുടങ്ങിയവ നിശ്ചിത അളവില്‍ കുറഞ്ഞ വിലയ്ക്കു നല്‍കിയിരുന്നു.
ചെല്ലി, എലി എന്നിവയെ നിയന്ത്രിക്കാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പരിശീലിപ്പിക്കുന്ന പദ്ധതിയും ഉണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് അന്‍പതു ശതമാനം സബ്സിഡി നിരക്കില്‍ പമ്ബ് സെറ്റ് നല്‍കുന്ന പദ്ധതി കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായിരുന്നു. 50 ശതമാനം അല്ലെങ്കില്‍ 3,000 രൂപ എന്നതായിരുന്നു ആനുകൂല്യത്തിന്റെ കണക്ക്.
മണ്ഡരി രോഗം നിര്‍മാര്‍ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ കീടനാശിനി പൂര്‍ണമായും സബ്സിഡി നിരക്കില്‍ തളിച്ചെങ്കിലും തുടര്‍ പ്രവര്‍ത്തനം നടത്തിയില്ല. ഇന്ന് ഒട്ടുമിക്ക തെങ്ങും മണ്ഡരി, മഞ്ഞളിപ്പ് രോഗത്തിന്റെ പിടിയിലാണ്. കുട്ടനാട് പാക്കേജില്‍ പെടുത്തി നിരവധി പ്രവര്‍ത്തനങ്ങള്‍ നാളികേര കര്‍ഷകര്‍ക്കായി സ്വാമിനാഥന്‍ കമ്മിഷന്‍ ആസൂത്രണം ചെയ്തിരുന്നു. അതും യാഥാര്‍ഥ്യമായില്ല. വിപണയില്‍ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയേറിയിട്ടും അതിന്റെ ഫലം കര്‍ഷകരിലേക്ക് ലഭിക്കുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top