×

പാലഭിഷേകം, പടക്കം, നൃത്തം; കബാലിക്ക് വന്‍വരവേല്‍പ് – ചിത്രങ്ങള്‍, വിഡിയോ

ചെന്നൈ• ഇങ്ങനെയൊരു വരവ് ഇതുവരെയുണ്ടായിട്ടില്ല; തമിഴ്നാടും കേരളവും ‘കബാലി’യുടെ ആവേശലഹരിയില്‍. വന്‍പ്രചാരണക്കൊഴുപ്പോടെ രജനീകാന്തിന്റെ പുതിയ ചിത്രം ‘കബാലി’ റിലീസ് ചെയ്തു. പുലര്‍ച്ചെ ഒരു മണിയോടെ തന്നെ തമിഴ്നാട്ടില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് മക്കള്‍ ആഘോഷമാക്കി. നാലു മണിക്കായിരുന്നു ചെന്നൈയിലെ തിയറ്ററുകളില്‍ ആദ്യ ഷോ. ചലച്ചിത്ര താരങ്ങളായ ജയറാമും കാളിദാസുമടക്കമുള്ളവര്‍ ആദ്യഷോയ്ക്കെത്തിയിരുന്നു.

 

കേരളത്തിലും കബാലിക്ക് വന്‍ വരവേല്‍പ്പാണുണ്ടായത്. രജനികാന്തിന്റെ കട്ടൗട്ടുകളില്‍ പാലഭിഷേകം ചെയ്തം ചെണ്ടകൊട്ടിയും ഫാന്‍സ് റിലീസ് ഗംഭീരമാക്കി. തിയറ്ററുകളില്‍ പുലര്‍ച്ചെ മുതല്‍തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

തമിഴ്നാട്ടില്‍ മാത്രം രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണു റിലീസ്. 500-1000 രൂപയാണ് ആദ്യദിവസ പ്രദര്‍ശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്. കരിഞ്ചന്തയില്‍ നിരക്ക് ഇനിയും ഉയരും. ഒരു തിയറ്ററില്‍ ഇന്നുമാത്രം ഏഴു പ്രദര്‍ശനം. ആദ്യ മൂന്നു ദിവസത്തേക്ക് എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദര്‍ശനങ്ങള്‍. തിയറ്ററുകളില്‍ സീറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യപ്പെട്ടുകഴിഞ്ഞു. ടിക്കറ്റിനായി ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശക്കത്തുമായി തിയറ്റര്‍ മാനേജര്‍മാരെ സമീപിക്കുന്നവരുമുണ്ട്.

 

രജനി ആരാധകര്‍ കൂട്ടത്തോടെ അവധിക്ക് അപേക്ഷിച്ചതോടെ കുറച്ചു ജീവനക്കാര്‍ മാത്രമുള്ള ചില ഐടി കമ്ബനികള്‍ തമിഴ്നാട്ടില്‍ ഇന്നു പ്രവര്‍ത്തനം വേണ്ടെന്നു വച്ചു. തിരക്കു നിയന്ത്രിക്കാന്‍ പൊലീസ് മതിയാവില്ലെന്നതിനാല്‍ ചില തിയറ്റര്‍ ഉടമകള്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളെയും നിയോഗിച്ചിട്ടുണ്ട്.

യുഎസില്‍ ഇന്നലെ നടന്ന ആദ്യപ്രദര്‍ശനത്തില്‍ നിന്നു പകര്‍ത്തിയ കബാലിയുടെ 120 സെക്കന്‍ഡ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രജനീകാന്തിന്റെ അവതരണ രംഗമാണിത്. ഗള്‍ഫില്‍ യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ‘കബാലി’ ഇന്നലെ റിലീസ് ചെയ്തു.

കേരളത്തില്‍ 300ല്‍ ഏറെ തിയറ്റുകളിലാണു റിലീസ്. തിരുവനന്തപുരം നഗരത്തില്‍ 12 സ്ക്രീനുകളിലാണു പ്രദര്‍ശനം. കോഴിക്കോട് നഗരത്തില്‍ മൂന്നിടത്തു പ്രത്യേക പ്രദര്‍ശനമുണ്ട്. വയനാട്ടിലെ ഫ്ലാസ്ക് ക്ലബ് സിനിമയ്ക്ക് എത്തുന്നവര്‍ക്ക് അവയവദാന സന്ദേശ പ്രചാരണാര്‍ഥം തൊപ്പികളും ലഘുലേഖകളും വിതരണം ചെയ്യും. ബത്തേരി അതുല്യ തിയറ്ററിലെ വൈകിട്ട് 5.15ന്റെ പ്രദര്‍ശനത്തിലെ 396 ടിക്കറ്റുകളും ഫ്ലാസ്ക് ക്ലബ് ബുക്ക് ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top